മാനവികപക്ഷത്തു നിന്ന് പ്രതികരിക്കാന്‍

കഴിയണം: നാസറുദ്ദീന്‍ എളമരംകോഴിക്കോട്: പുതിയ കാലത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങളെ മനസ്സിലാക്കാനും അവയോട് മാനവികപക്ഷത്തു നിന്ന് പ്രതികരിക്കാനും വിദ്യാര്‍ഥികള്‍ക്കാവണമെന്നു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം പറഞ്ഞു.
പോപുലര്‍ ഫ്രണ്ട് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റിന്റെ ഭാഗമായി നല്‍കുന്ന സ്‌കോളര്‍ഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം കോഴിക്കോട്ട് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ രാജ്യത്തിന്റെ വൈവിധ്യങ്ങളെ ഇല്ലാതാക്കി ഫാഷിസ്റ്റ് അജണ്ട നടപ്പാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്.
വിദ്യാഭ്യാസവും ഉദ്യോഗവും ഉള്‍പ്പെടെ സകല മേഖലകളും വര്‍ഗീയവല്‍ക്കരിച്ചിരിക്കുന്നു. ജനാധിപത്യ സമൂഹം ഉയര്‍ന്ന ജാഗ്രത പാലിക്കേണ്ട അനിവാര്യ സന്ദര്‍ഭമാണിത്. രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ പോവുന്ന വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും ഇതില്‍ വലിയ ഉത്തരവാദിത്തമുണ്ട്. പഠനവും പാഠ്യേതര പ്രവര്‍ത്തനങ്ങളുമൊക്കെ രാജ്യം നേരിടുന്ന ഭീഷണിയെ ഫലപ്രദമായി ചെറുക്കാനുള്ള സന്ദേശം അടങ്ങിയത് കൂടിയാവണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് കെ കെ കബീര്‍ അധ്യക്ഷത വഹിച്ചു.
എന്‍ഡബ്ല്യൂഎഫ് സംസ്ഥാന കമ്മിറ്റിയംഗം ജമീല ടീച്ചര്‍, കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് രിഫ, ആക്‌സസ് ഇന്ത്യ സീനിയര്‍ ട്രെയ്‌നര്‍ ഡോ. അനസ് നിലമ്പൂര്‍, ആക്‌സസ് ഇന്ത്യ നാഷനല്‍ കോ-ഓഡിനേറ്റര്‍ സി കെ റാഷിദ് സംസാരിച്ചു.
എം എച്ച് ഷിഹാസ് സ്വാഗതവും നിസാര്‍ അഹ്മദ് നന്ദിയും പറഞ്ഞു. ഈ വര്‍ഷം 307 വിദ്യാര്‍ഥികള്‍ക്കാണ് സംഘടന സ്‌കോളര്‍ഷിപ്പ് നല്‍കിയത്.

RELATED STORIES

Share it
Top