മാനന്തവാടി-മട്ടന്നൂര്‍ നാലുവരിപ്പാത സര്‍വേ ആരംഭിച്ചു

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കണക്ടിവിറ്റി പാക്കേജില്‍ ഉള്‍പ്പെടുത്തിയ മാനന്തവാടി-ബോയ്‌സ് ടൗണ്‍-കേളകം-പേരാവൂര്‍-മാലൂര്‍ -ശിവപുരം-മട്ടന്നൂര്‍ റോഡിന്റെ സര്‍വേ തുടങ്ങി. ഏതാനും ദിവസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവും. കോഴിക്കോട്ടെ സ്വകാര്യ ഏജന്‍സിക്കാണ് കരാര്‍. നാലു വരിപ്പാതയാക്കുന്നതിന്റെ ഭാഗമായാണ് സര്‍വേ. കുറ്റിയാടി-പാനൂര്‍-മട്ടന്നൂര്‍- എയര്‍പോര്‍ട്ട് റോഡ് സര്‍വെ ഈ ഏജന്‍സി പൂര്‍ത്തിയാക്കിയ ശേഷമാണ് മാനന്തവാടി-മട്ടന്നൂര്‍ റോഡ് സര്‍വേ തുടങ്ങിയത്. ജിടിഎസ് (ജിയോഗ്രഫിക് ) ഉപയോഗിച്ചാണ് ആദ്യഘട്ട സര്‍വേ നടക്കുന്നത്.
63.50 കിലോമീറ്റര്‍ ദൂരമാണ് മാനന്തവാടി മുതല്‍ മട്ടന്നൂര്‍ വരെ റോഡിന്റെ നീളം. സര്‍വേ പൂര്‍ത്തിയായാല്‍ സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിക്കും. തുടര്‍ന്ന് ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള നടപടികളിലേക്ക് നീങ്ങും. റോഡിന്റെ അലൈന്‍മെന്റും പ്രപോസലും സര്‍ക്കാര്‍ അംഗീകരിക്കേണ്ടതുണ്ട്. ഈ റോഡ് നാലുവരിപ്പാതയാക്കുന്നത് മലയോര മേഖലയിലെ വികസന രംഗത്ത് പുത്തനുണര്‍വേകും. റോഡ് യാഥാര്‍ഥ്യമായാല്‍ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാവും. ഇപ്പോള്‍ മട്ടന്നൂര്‍-ശിവപുരം- പേരാവൂര്‍ റോഡ് ഇടുങ്ങിയതും വളവും തിരിവും ഉള്ളതുമാണ്.
അപകട വളവുകള്‍ ഇല്ലാതാക്കിയായിരിക്കും നാലുവരിപ്പാത വരിക. വലിയ തോതിലുള്ള ഭൂമി ഏറ്റെടുക്കല്‍ ആവശ്യമാണ്. ചില സ്ഥലങ്ങളില്‍ പഴയ റോഡ് നിലനിര്‍ത്തുമെങ്കിലും ആവശ്യമുള്ള ഇടങ്ങളില്‍ പുതിയ റോഡാവും വരിക.
റോഡിന് ഇരുവശത്തുമുള്ള വൈദ്യുതത്തൂണുകളും ട്രാന്‍സ്‌ഫോമറുകളും മാറ്റി സ്ഥാപിക്കും. കലുങ്ക്, ഓവുചാല്‍, പാലം എന്നിവയുടെ നിര്‍മാണവും റോഡ് വികസനത്തോടൊപ്പം നടക്കും. സിസിടിവിയും തെരുവുവിളക്കും സ്ഥാപിക്കും. രാജ്യാന്തര വിമാനത്താവള പ്രദേശത്തേക്കുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ജില്ലയിലെ ആറു റോഡുകളാണ് നവീകരിക്കുന്നത്.

RELATED STORIES

Share it
Top