മാനന്തവാടിയില്‍ തീപ്പിടിത്തം;കച്ചവടസ്ഥാപനം കത്തിനശിച്ചു

മാനന്തവാടി: തീപ്പിടിത്തത്തില്‍ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള വ്യാപാര സ്ഥാപനം പൂര്‍ണമായി കത്തിനശിച്ചു. മാനന്തവാടി പോസ്റ്റ്ഓഫിസ് റോഡിലാണ് ശനിയാഴ്ച രാത്രി 11ഓടെ വന്‍ തീപ്പിടിത്തമുണ്ടായത്. രാജേഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് കത്തിനശിച്ചത്. 40 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി കടയുടമ പറഞ്ഞു. പൂജാ സാധനങ്ങള്‍, വിലപിടിപ്പുള്ള നിലവിളക്കുകള്‍ തുടങ്ങിയവയാണ് നശിച്ചത്. തൊട്ടടുത്തുള്ള ടെക്‌സ്റ്റൈല്‍സിലും നാശനഷ്ടങ്ങളുണ്ടായി. തീപ്പിടിത്തമുണ്ടായ സ്ഥാപനത്തിന്റെ പുറകില്‍ തന്നെയാണ് രാജേഷും സഹോദരിയും താമസിക്കുന്നത്.ഇവര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാല്‍ ദുരന്തം ഒഴിവായി. 10 മീറ്റര്‍ മാത്രം അകലത്തില്‍ പെട്രോള്‍ പമ്പാണ്. ഫയര്‍ഫോഴ്‌സിന്റെയും പോലിസിന്റെയും നാട്ടുകാരുടെയും സമയോചിത ഇടപെടലിലൂടെ പെട്ടെന്നു തീയണയ്ക്കാന്‍ കഴിഞ്ഞത് വന്‍ ദുരന്തം ഒഴിവാക്കി. മാനന്തവാടിക്ക് പുറമെ കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ നിന്നായി ആറു യൂനിറ്റ് ഫയര്‍ എന്‍ജിനുകള്‍ രണ്ടു മണിക്കൂര്‍ നേരമെടുത്താണ് തീയണച്ചത്. മേല്‍ക്കൂര ഓടും മരത്തടികളും ഉപയോഗിച്ചുള്ള കെട്ടിടമായതിനാല്‍ തീ കെടുത്തല്‍ ബുദ്ധിമുട്ടേറിയതായിരുന്നു. മാനന്തവാടി ഡിവൈഎസ്പി കെ എം ദേവസ്യ, സിഐ പി കെ മണി, തഹസില്‍ദാര്‍ എന്‍ ഐ ഷാജി, ഫയര്‍ഫോഴ്‌സ് ജീവനക്കാരായ സി പി ഗിരീശന്‍, എന്‍ ബാലകൃഷ്ണന്‍, കെ എം ഷിബു, പ്രവീണ്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.

RELATED STORIES

Share it
Top