മാനദണ്ഡങ്ങള്‍ പാലിച്ചില്ല : 28 സ്‌കൂള്‍ വാഹനങ്ങള്‍ക്ക് വിലക്ക്‌വടകര: വിദ്യാര്‍ഥികള്‍ക്ക് പുതിയ അധ്യായന വര്‍ഷം അപകട രഹിതമാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് നടപടി ആരംഭിച്ചു. ഇതിന് മുന്നോടിയായി വടകര താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള സ്‌കൂള്‍ ബസ്സുകളുടേയും സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കി.പരിശോധനയില്‍ 107 സ്‌കൂ ള്‍ ബസ്സുകള്‍ ഹാജരായതില്‍ ഗുരുതര വീഴ്ചകളുള്ള 28 വാഹനങ്ങളെ സര്‍വീസ് നടത്തുന്നതില്‍ നിന്നും വിലക്കി. തകര്‍ന്ന പ്ലാറ്റ്‌ഫോമുകളും, വൃത്തിയില്ലാത്തതും ശുചിയില്ലാത്തതുമായതും കീറിയതുമായ സീറ്റുകളും, വാഹനത്തില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും കുട്ടികളുടെ ഉടുപ്പ് ഉടക്കി വീഴുന്ന തരത്തിലുള്ള വാതിലുകളുടെ ഉള്‍വശങ്ങളില്‍ തള്ളി നില്‍ക്കുന്നതുമായ കുറ്റികള്‍ കൊളുത്തുകള്‍ തുടങ്ങിയവ, സുരക്ഷിതമായി അടയ്ക്കാന്‍ പറ്റാത്ത ഡോറുകള്‍, നിരക്കി നീക്കാന്‍ പറ്റാതെ ഉടക്കി നില്‍ക്കുന്ന ജനല്‍ ഗ്ലാസ്സുകള്‍, ഇളകിയാടുന്ന സീറ്റുകള്‍, തകരാറിലായ ലൈറ്റുകള്‍, പ്രവര്‍ത്തന രഹിതമായ ഹാന്‍ഡ് ബ്രേക്കുകളും സ്പീഡ് ഗവര്‍ണറുകളും, ചലന രഹിതമായ വൈപ്പറുകള്‍, ഹോണുകള്‍, തേയ്മാനം സംഭവിച്ച ടയറുകള്‍, ബ്രേക്ക് സംവിധാനത്തിലെ എയര്‍ ലീക്ക്, മഴക്കാലത്തുണ്ടാകാവുന്ന റൂഫ്  ചോര്‍ച്ചകള്‍, മോശമായ സൈഡ് കര്‍ട്ടനുകളും, കാഴ്ച ശേഷി കുറയ്ക്കുന്ന മുന്‍ ഗ്ലാസ്സുകളും കണ്ടു പിടിക്കപ്പെട്ട ന്യൂനതകളില്‍പ്പെടുന്നവയാണ്. കൂടാതെ സ്‌കൂള്‍ വാഹനങ്ങളില്‍ സൂക്ഷിക്കേണ്ടതായ തീ നശീകരണ സംവിധാനങ്ങ ള്‍, എമര്‍ജര്‍സി വാതിലുകളുടെ പ്രവര്‍ത്തനക്ഷമത തുടങ്ങിയവും പരിശോധിച്ചു. പ്രഥമ ശുശ്രൂക്ഷയ്ക്കുള്ള മരുന്നുകള്‍ പലതും കാലാവധി കഴിഞ്ഞതായി പരിശോധനയില്‍ കണ്ടെത്തി. വാഹനങ്ങളുടെ രേഖകള്‍ പരിശോധിച്ച് ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷൂറന്‍സ് തുടങ്ങിയവയുടെ കാലാവധിയും ഉറപ്പു വരുത്തി. പരിശോധനയില്‍ മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍മാരായ ദിനേശ് കീര്‍ത്തി, രാഗേഷ്, സലിം വിജയകുമാര്‍, അസിസ്റ്റന്‍ഡ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍മാരായ അജിത്ത് കുമാര്‍, അഖിലേഷ്, ഷീജി, വിജിത്ത് കുമാര്‍ അശോക് കുമാര്‍, ജയന്‍, ജെസ്സി തുടങ്ങിയവരും പങ്കെടുത്തു. പരിശോധനയില്‍ കണ്ടെത്തിയ പോരായ്മകളും തകരാറുകളും വരും ദിവസങ്ങളില്‍ പരിഹരിച്ച ശേഷം ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാക്കുന്ന മുറയ്ക്ക് ഈ വാഹനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കുമെന്ന് ആര്‍ടിഒ ടിസി വിനേഷ് അറിയിച്ചു. സര്‍വീസ് നടത്താന്‍ അനുയോജ്യമായ വാഹനങ്ങള്‍ക്ക് ചെക്ക്ഡ് സ്റ്റിക്കറുകള്‍ വിതരണം ചെയ്തു. ഇത്തരം സ്റ്റിക്കറുകള്‍ പതിക്കാതെ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരെയും  സ്‌കൂള്‍ അധികൃതര്‍ക്കെതിരേയും വരും ദിവസങ്ങളില്‍ കര്‍ശന നടപടിയുണ്ടാവും.

RELATED STORIES

Share it
Top