'മാധ്യമ പ്രവര്‍ത്തകര്‍ക്ക് പകരമാവാന്‍ യന്ത്രമനുഷ്യര്‍ക്ക് കഴിയില്ല'

ദുബയ്: റോബോട്ടുകളെ ഉപയോഗിച്ച് വ്യാജ വാര്‍ത്തകള്‍ കണ്ടെത്താന്‍ കഴിയുമെങ്കിലും ഒരിക്കലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് പകരമായി ജോലിയില്‍ നിയോഗിക്കാന്‍ കഴിയില്ലെന്ന് പ്രമുഖ വാര്‍ത്താ ഏജന്‍സി അസോസിയേറ്റഡ് പ്രസ് ന്യൂസ് ഡയറക്ടര്‍ ലിസ ഗിബ്‌സ്. ദുബയ് മദീനത്ത് ജുമൈറ ഹോട്ടലില്‍ 17ാമത് അറബ് മീഡിയ ഫോറത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും(എഐ) മാധ്യമ പ്രവര്‍ത്തനവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സോഷ്യല്‍ മീഡിയ ഏറെ സ്വാധീനം ചെലുത്തുന്ന ഈ കാലഘട്ടത്തില്‍ എഐ സാങ്കേതിക വിദ്യക്ക് വേഗത്തില്‍ വാര്‍ത്തയുടെ ആധികാരികത പരിശോധിക്കാനും പ്രധാന വാര്‍ത്തകള്‍ തിരഞ്ഞെടുക്കാനും കഴിയുമെന്ന് അവര്‍ പറഞ്ഞു. മാധ്യമ സ്ഥാപനങ്ങള്‍ സാങ്കേതികവിദ്യകളില്‍ കൂടുതല്‍ നിക്ഷേപം ഇറക്കുകയാണങ്കില്‍ ചില കാര്യങ്ങളില്‍ മാത്രം വേഗം കൃത്യനിര്‍വഹണം നടത്താന്‍ കഴിയും. അപ്പോഴാണ് വായനക്കാര്‍ക്ക് ആവശ്യമുള്ള വാര്‍ത്തകള്‍ ചെയ്യാന്‍ സമയം ഉണ്ടാവുക.
കായികരംഗത്തെ വാര്‍ത്തകളും സ്‌കോറുകളും വെളിപ്പെടുത്താന്‍ സാങ്കേതികവിദ്യ ഏറെ സഹായകമാണ്. മാധ്യമ പ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്ത സാങ്കേതിക വിദ്യ ഉപയോഗിച്ച് പത്രങ്ങള്‍ക്കും ഓണ്‍ലൈനും സോഷ്യല്‍ മീഡിയക്കും ഒരേസമയം നല്‍കാന്‍ കഴിയുന്നതിനാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ വാര്‍ത്തകള്‍ വായനക്കാര്‍ക്ക് നല്‍കാം. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ 20 രാജ്യങ്ങളില്‍ നിന്നുള്ള അമ്പതോളം പേര്‍ സംബന്ധിക്കുന്നുണ്ട്്.

RELATED STORIES

Share it
Top