മാധ്യമ പ്രവര്‍ത്തകന്‍ ബുഖാരിയെ വെടിവച്ച് കൊന്ന പ്രതികളുടെ സിസിടിവി ചിത്രങ്ങള്‍ പുറത്തുവിട്ടു

ശ്രീനഗര്‍ : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും റൈസിങ് കശ്മീര്‍ എഡിറ്ററുമായ ശുജാത് ബുഖാരി അജ്ഞാതരുടെ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പുറത്തുവിട്ടു. ബൈക്കില്‍ പോവുന്ന മൂന്നുപേരുടെ ചിത്രങ്ങളാണ് ഇവ. മൂന്ന് പേരും മുഖം മറച്ചിരിക്കുകയാണ്. പള്‍സര്‍ ബൈക്കിലുള്ള ഇവരുടെ കൈവശം ഒരു സഞ്ചിയുമുണ്ട്. ഇതില്‍ ബുഖാരിയെ വധിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സംശയിക്കുന്നതായും പോലിസ് പ്രതികരിച്ചു.



ബൈക്ക് ഓടിക്കുന്ന വ്യക്തി ഹെല്‍മറ്റും, മറ്റ് രണ്ട് പേര്‍ തുണികൊണ്ടുമാണ് മുഖം മറച്ചിട്ടുള്ളത്. അക്രമികളെ കണ്ടെത്താന്‍ പൊതു ജനങ്ങള്‍ സഹായിക്കണമെന്നും ചിത്രം പുറത്തുവിട്ടുകൊണ്ട് കശ്മീര്‍ മേഖലാ പോലിസ് അഭ്യര്‍ത്ഥിച്ചു. ശ്രീനഗറില്‍ ഇന്നലെ വൈകീട്ടോടെയാണ് സംഭവം. ലാല്‍ ചൗക്കിലെ തിരക്കേറിയ പ്രസ് എന്‍ക്ലേവിലെ തന്റെ ഓഫിസില്‍ വാഹനത്തില്‍ വന്നിറങ്ങിയുടനെ അക്രമികള്‍ ബുഖാരിക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ആക്രമണത്തില്‍ ബുഖാരിയുടെ ഒരു അംഗരക്ഷകനും മരിച്ചു. വെടിയേറ്റ മറ്റൊരു അംഗരംക്ഷകന്റെ നില ഗുരുതരമാണ്.2000ലുണ്ടായ ഒരു ആക്രമണത്തെത്തുടര്‍ന്നാണ് ഇദ്ദേഹത്തിന് അംഗരക്ഷകരെ ഏര്‍പ്പെടുത്തിയത്.ബുഖാരിയുടെ കൊലപാതകം മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് കശ്മീര്‍ ടൈംസ് എക്‌സിക്യുട്ടീവ് എഡിറ്റര്‍ അനുരാദ ജംവാള്‍ പറഞ്ഞു.ബുഖാരിയുടെ കൊലപാതകത്തെ കശ്മീര്‍ മുഖ്യമന്ത്രി മെഹബുബ മുഫ്തി അപലപിച്ചു.

RELATED STORIES

Share it
Top