മാധ്യമസ്വാതന്ത്ര്യ പട്ടികയില്‍ ഇന്ത്യ വീണ്ടും താഴോട്ട്

പാരീസ്: ലോക മാധ്യമസ്വാത്രന്ത്യ പട്ടികയില്‍ നിലവിലെ സ്ഥാനത്തുനിന്ന് രണ്ട് സ്ഥാനം ഇടിഞ്ഞ് ഇന്ത്യ 138ാം സ്ഥാനത്തെത്തി. 2017ല്‍ 136ാം സ്ഥാനത്തായിരുന്നു.180 രാജ്യങ്ങളുള്ള പട്ടികയിലാണ് ഇന്ത്യ  138ാം സ്ഥാനത്തെത്തിയത്.
പാകിസ്താനേക്കാള്‍ ഒരു സ്ഥാനം മാത്രം മുന്നിലായ ഇന്ത്യ  ഫലസ്തിനേക്കാള്‍ ഒരു സ്ഥാനം താഴെയുമാണ്. നോര്‍വേ വീണ്ടും ഒന്നാമതെത്തിയ പട്ടികയില്‍ ഉത്തരകൊറിയ ഏറ്റവും അവസാന സ്ഥാനത്താണ്.
പാരിസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിപോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് ആണ്  പട്ടിക പുറത്തുവിട്ടിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് അടക്കമുള്ളവരുടെ കൊലപാതകമാണ് ഇന്ത്യയെ വീണ്ടും പട്ടികയില്‍ പിന്നിലാക്കിയത്.
ഉത്തരകൊറിയ പിന്നില്‍ നില്‍ക്കുന്ന പട്ടികയില്‍ ചൈന, സിറിയ, തുര്‍ക്ക്‌മെനിസ്ഥാന്‍, എരിത്രിയ എന്നീ രാജ്യങ്ങളാണ് 175 മുതല്‍ 179 വരെയുളള സ്ഥാനങ്ങളില്‍ ഉള്ളത്. ഇന്ത്യയില്‍ ഹിന്ദു ദേശീയതയുടെ വക്താക്കള്‍ മാധ്യമങ്ങളെ ദേശവിരുദ്ധരെന്ന് പ്രചരിപ്പിക്കുന്നതുകൊണ്ട് മാധ്യമങ്ങള്‍ സ്വയം സെന്‍സര്‍ ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നതായി റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ശേഷം തീവ്ര ഹിന്ദുത്വ സംഘടനകളില്‍ നിന്നു മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടാവുന്ന അതിക്രമങ്ങള്‍ വര്‍ധിച്ചതായി റിപോര്‍ട്ടില്‍ പറയുന്നു. ഹിന്ദുത്വ ശക്തികള്‍ക്കെതിരായ വിമര്‍ശനങ്ങളും ഭരണകക്ഷികള്‍ക്കെതിരായ വിമര്‍ശനങ്ങളെയും പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്നവര്‍ എതിരിടുന്നത് മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന വിധത്തിലാണെന്നാണ് റിപോര്‍ട്ടിലെ പരാമര്‍ശം.
ബംഗളൂരുവില്‍ 2017 സപ്തംബറില്‍ സ്വന്തം വീടിനു മുമ്പില്‍ വെടിയേറ്റ് മരിച്ച മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധം പരാമര്‍ശിച്ചാണ് റിപോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് ഇന്ത്യയെ കുറ്റപ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവില്‍ കുറഞ്ഞത് മൂന്ന് മാധ്യമപ്രവര്‍ത്തകരെങ്കിലും ഇന്ത്യയില്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

RELATED STORIES

Share it
Top