മാധ്യമസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും പാടേ നിഷേധിക്കുന്നു: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനായ വേണു ബാലകൃഷ്ണനെതിരെയും സര്‍ക്കാ ര്‍ ഉദ്യോഗസ്ഥനായ വി മധുവിന്റെയും പേരില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മാധ്യമസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും പാടേ നിഷേധിക്കുന്ന ഏകാധിപത്യ നടപടികളാണെന്ന് ചൂണ്ടിക്കാട്ടി എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്കു കത്ത് നല്‍കി.
മതസ്പര്‍ധ വളര്‍ത്തി എന്നാരോപിച്ച് വേണുവിനെതിരേ ചാര്‍ജ് ചെയ്ത കേസ് ഉടന്‍ പിന്‍വലിക്കുകയും ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തുവെന്ന് ആരോപിച്ച് മധുവിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി ഉടന്‍ റദ്ദാക്കുകയും വേണം. ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ നടത്തിയ ഒരു പരാമര്‍ശം മതസ്പര്‍ധ വളര്‍ത്തി എന്നാരോപിച്ചാണ് ഇന്ത്യന്‍ ശിക്ഷാനിയമം 153 എ പ്രകാരം ജാമ്യമില്ലാ വകുപ്പിട്ട് വേണുവിനെതിരേ കേസ് എടുത്തിരിക്കുന്നത്. ഇതനുസരിച്ച് ചാനല്‍ ചര്‍ച്ച നയിക്കുന്നതിനിടയില്‍ പോലും വേണുവിനെ പോലിസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയാല്‍ അദ്ഭുതപ്പെടേണ്ടതില്ല. പത്രങ്ങളില്‍ എഴുതുന്ന വാര്‍ത്തകളുടെയും ചാനലുകളില്‍ പറയപ്പെടുന്ന വാക്കുകളുടെയും അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ പോയാല്‍ ദേശാഭിമാനിയിലും കൈരളിയിലും മറ്റും ജോലിചെയ്യുന്ന എത്ര മാധ്യമപ്രവര്‍ത്തകര്‍ ഇതിനോടകം ജയിലില്‍ പോവുമായിരുന്നുവെന്ന് മുഖ്യമന്ത്രി ആലോചിച്ചിട്ടുണ്ടോയെന്ന് ഉമ്മ ന്‍ചാണ്ടി ചോദിച്ചു. എതിര്‍ ശബ്ദങ്ങളെ ഏതു രീതിയിലും ഇല്ലാതാക്കുന്ന അസഹിഷ്ണുത പത്തിവിടര്‍ത്തി ആടുകയാണ്. വേണുവിനെതിരേ എടുത്തിരിക്കുന്ന കേസും അസഹിഷ്ണുതയുടെ ഭാഗമാണ്.
തിരുവനന്തപുരത്ത് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനായ വി മധുവിനെ സസ്‌പെന്‍ഡ് ചെയ്തത് തികച്ചും ബാലിശമായ കാരണത്തിന്റെ പേരിലും വൈരനിര്യാതനയോടെയുമാണ്. പോലിസ് മര്‍ദിച്ചു കൊന്ന കെവിന്റെ ഭാര്യക്ക് ജോലി കൊടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പ്രഖ്യാപിച്ചപ്പോള്‍, ഇങ്ങനെ ജോലി കൊടുക്കാന്‍ തുടങ്ങിയാല്‍ പിഎസ്‌സി ടെസ്റ്റ് എഴുതുന്നവര്‍ എന്തുചെയ്യും എന്നു പരാമര്‍ശമുള്ള ഒരു പോസ്റ്റ് ഷെയര്‍ ചെയ്തതിനാണ് മധുവിനെ സസ്‌പെന്‍ഡ് ചെയ്തത്.
സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനം എടുത്തതുതന്നെ ഈ പോസ്റ്റിട്ട് ഏറെ നാള്‍ കഴിഞ്ഞാണ്. മേലുദ്യോഗസ്ഥരെ ധിക്കരിക്കുന്നതിനെതിരെയുള്ള വകുപ്പാണ് സര്‍വീസ് ചട്ടത്തിലെ 60 എ. പാര്‍ട്ടി സെക്രട്ടറിയുടെ പേരു പരാമര്‍ശിച്ചാല്‍പോലും 60 എ പ്രകാരം നടപടിയെടുക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

RELATED STORIES

Share it
Top