മാധ്യമസ്ഥാപനത്തില്‍ വെടിവയ്പ്്; യുഎസില്‍ 5 പേര്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍:  യുഎസില്‍ മേരിലാന്‍ഡിലെ പ്രാദേശിക പത്രസ്ഥാപനമായ കാപിറ്റല്‍ ഗസറ്റിന്റെ ആസ്ഥാനത്ത് ഇന്നലെയുണ്ടായ വെടിവയ്പില്‍ മൂന്നു മാധ്യമപ്രവര്‍ത്തകരടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു. എട്ടുപേര്‍ക്ക് പരിക്കേറ്റു. ഗ്ലാസ് നിര്‍മിത വാതിലിനു പുറത്തുനിന്ന് അക്രമി ന്യൂസ് റൂമിനുള്ളിലേക്ക് വെടിവയ്ക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു.
കാപിറ്റല്‍ ഗസറ്റ് എഡിറ്ററും കമ്യൂണിറ്റി റിപോര്‍ട്ടറുമായ വെന്റി വിന്റേഴ്‌സ്(65), സെയില്‍സ് അസിസ്റ്റന്റ് റബേക്ക സ്മിത്ത്(34), അസിസ്റ്റന്റ് എഡിറ്ററും കോളമിസ്റ്റുമായ റോബര്‍ട്ട് ഹിയാസെന്‍(59), എഡിറ്റോറിയല്‍ റൈറ്റര്‍ ജെറാള്‍ഡ് ഫിഷാന്‍(61), റിപോര്‍ട്ടര്‍ ആന്റ് എഡിറ്റര്‍ ജോണ്‍ മാക് നേമറ(56) എന്നിവരാണ് കൊല്ലപ്പെട്ടത്. അക്രമി ജാറോഡ് റാമോസിനെ പിന്നീട് പോലിസ് പിടികൂടി. ഇയാള്‍ക്കെതിരേ കൊലപാതകക്കുറ്റം ചുമത്തിയിരിക്കുകയാണ്. മാധ്യമസ്ഥാപനത്തെ ലക്ഷ്യംവച്ചുള്ള അക്രമമായിരുന്നുവെന്ന് അന്നപോളിസ് കൗണ്ടി പോലിസ് ഡെപ്യൂട്ടി ചീഫ് വില്യം കാര്‍ഫ് അറിയിച്ചു.
2011ല്‍ ജാറോഡ് റാമോസിനെതിരേ കാപിറ്റല്‍ ഗസറ്റില്‍ ലേഖനം വന്നതായും തുടര്‍ന്ന് ഇയാള്‍ 2012ല്‍ പത്രത്തിനെതിരേ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തിരുന്നതായും റിപോര്‍ട്ട് ഉണ്ട്. കേസ് പിന്നീട് തള്ളിപ്പോയി. ആക്രമണത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് അന്വേഷിച്ചുവരുന്നതായി പോലിസ് അറിയിച്ചു. പ്രദേശിക സമയം പകല്‍ 2.40നാണ് അക്രമി വെടിയുതിര്‍ത്തത്. ഈ സമയം 13 മാധ്യമപ്രവര്‍ത്തകരും ഓഫിസ് ജീവനക്കാരും അകത്തുണ്ടായിരുന്നു. വെടിയൊച്ചകേട്ട് മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ മേശയ്ക്കടിയില്‍ ഒളിച്ചതിനാല്‍ വെടിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. വെടിവയ്പ് നടന്ന നാലുനിലക്കെട്ടിടത്തില്‍ നിന്ന് 170 ഓളം പേരെ പോലിസ് ഒഴിപ്പിച്ചു.
പത്രം ഇന്നും പുറത്തിറക്കുമെന്ന് കാപിറ്റല്‍ ഗസറ്റ് അധികൃതര്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top