'മാധ്യമരംഗത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ'

കോട്ടയം: ഇന്ത്യന്‍ മാധ്യമരംഗത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് പ്രമുഖ മാധ്യമ നിരൂപകനും നിയമ വിദഗ്ധനുമായ ഡോ. സെബാസ്റ്റിയന്‍ പോള്‍. മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫറായിരുന്ന വിക്ടര്‍ ജോര്‍ജിന്റെ 17ാമത് അനുസ്മരണത്തില്‍ 'ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തനം ഭീതിയുടെ നിഴലിലോ' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രഖ്യാപിത അടിയന്തരാവസ്ഥാ കാലത്ത് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി മാധ്യമങ്ങള്‍ക്കെതിരേ ചെയ്തതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങളാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഗത്തുനിന്നുണ്ടാവുന്നത്. ദേശീയതലത്തില്‍ മാധ്യമങ്ങള്‍ ഭയത്തെ അടിസ്ഥാനമാക്കിയുള്ള നിലപാടുകളാണ് സ്വീകരിക്കുന്നത്. ഭീരുവായ മാധ്യമപ്രവര്‍ത്തകനെ സമൂഹത്തിന് ആവശ്യമില്ല. അടിയന്തരാവസ്ഥക്കാലത്ത് സെന്‍സര്‍ഷിപ് വേണ്ടിയിരുന്നുവെങ്കില്‍ ഇന്ന് അതിന്റെ ആവശ്യമില്ല.  ഭരണകൂടത്തിന്റെ താല്‍പര്യത്തിന് അനുസരിച്ചുള്ള വാര്‍ത്തകള്‍ മാത്രമാണ് അവര്‍ നല്‍കുന്നത്.  പത്രപ്രവര്‍ത്തകന്റെ ജീവനു യാതൊരു സുരക്ഷിതത്വവുമില്ല. ഇന്ത്യന്‍ പത്രപ്രവര്‍ത്തനം പെയ്ഡ് ന്യൂസ് തലത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിക്ടര്‍ ജോര്‍ജ് സ്മാരക പുരസ്‌കാരം തേജസ് മലപ്പുറം ഫോട്ടോഗ്രാഫര്‍ സി ടി ഷരീഫിന് മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് സമ്മാനിച്ചു. 2017 ജൂണ്‍ 7ന് തേജസ് ദിനപത്രത്തിന്റെ കോഴിക്കോട് പതിപ്പില്‍ പ്രസിദ്ധീകരിച്ച 'അതിജീവനത്തിന്റെ നാമ്പിനു പ്രകൃതിയുടെ കുട' എന്ന അടിക്കുറിപ്പോടെയുള്ള ചിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.
നിസ്സാരമായ സംഭവങ്ങളില്‍ നിന്നുപോലും മികച്ച ചിത്രങ്ങളുണ്ടാക്കാന്‍ കഴിവുള്ള ഫോട്ടോഗ്രാഫറായിരുന്നു വിക്ടര്‍ ജോര്‍ജെന്ന് അദ്ദേഹം അനുസ്മരിച്ചു. എവിടെ പോയാലും വിക്ടര്‍ ജോര്‍ജിന് ഒരു മൂന്നാം കണ്ണുണ്ടായിരുന്നുവെന്നും തോമസ് ജേക്കബ് കൂട്ടിച്ചേര്‍ത്തു. കോട്ടയം പ്രസ്‌ക്ലബ് പ്രസിഡന്റ് സാനു ജോര്‍ജ് തോമസ് അധ്യക്ഷത വഹിച്ചു.  കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരായണന്‍, സംസ്ഥാന സെക്രട്ടറി ഷാലു മാത്യു, കോട്ടയം പ്രസ്‌ക്ലബ് സെക്രട്ടറി സനല്‍ കുമാര്‍, ഖജാഞ്ചി റെജി ജോസഫ്, വിക്ടര്‍ ജോര്‍ജിന്റെയും സി ടി ഷരീഫിന്റെയും കുടുംബാംഗങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top