മാധ്യമപ്രവര്‍ത്തനം വെല്ലുവിളി നേരിടുന്നു:വി എം സുധീരന്‍

കോഴിക്കോട്: രാജ്യത്ത് സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം വലിയ വെല്ലുവിളി നേരിടുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ഒരു ഭാഗത്ത് മാധ്യമങ്ങളുടെ ഉടമസ്ഥാവകാശം കോര്‍പറേറ്റ് കുത്തകകള്‍ കൈയ്യടക്കുമ്പോള്‍ മറുഭാഗത്ത് ജനാധിപത്യമൂല്യങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി ശബ്ദിക്കുന്ന മാധ്യമപ്രവര്‍ത്തകരെ സര്‍ക്കാര്‍ കൂച്ച് വിലങ്ങിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹോട്ടല്‍ ഹൈസണില്‍ സാമൂഹ്യപ്രവര്‍ത്തകനും ചന്ദ്രിക ദിനപത്രം ഡയരക്ടറുമായിരുന്ന എം കെ സി അബുഹാജിയുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് സമ്മാനിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം ഫാഷിസത്തിന്റെ പിടിയിലമര്‍ന്ന്‌കൊണ്ടിരിക്കുകയാണ്. കോടതികള്‍ക്ക് പോലും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാവാത്ത സ്ഥിതിവിശേഷത്തിലൂടെയാണ് രാജ്യം കടന്നുപോവുന്നത്. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹരജിയോട് സുപ്രീംകോടതി തന്നെ സ്വീകരിച്ച നിലപാട് ഭീതിപ്പെടുത്തുന്നതാണ്.
സത്യം പുറത്ത്‌കൊണ്ട്‌വരാന്‍ മുന്‍കയ്യെടുക്കേണ്ട കോടതികള്‍ സത്യം മൂടിവെക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യ സംവിധാനത്തെ ദുര്‍ബലമാക്കും. ദലിത്പീഡന വിരുദ്ധ നിയമവുമായി ബന്ധപ്പെട്ടും സുപ്രീംകോടതി നടത്തിയ പരാമര്‍ശം അസ്വസ്ഥതയുണ്ടാക്കുന്നു. പാര്‍ലിമെന്റിലും സ്ഥിതി വ്യത്യസ്തമല്ല. കേന്ദ്രസര്‍ക്കാരിനെതിരേകൊണ്ട് വന്ന അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കാന്‍ സ്പീക്കര്‍ തയ്യാറായില്ല. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരേയുള്ള ഇംപീച്ച്‌മെന്റ് നീക്കത്തോട് ജനാധിപത്യ വിരുദ്ധമായ നിലപാടാണ് ഉപരാഷ്ട്രപതി സ്വീകരിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ അസഹിഷ്ണുതക്കെതിരേ നിരന്തരം ഒച്ചയുണ്ടാക്കുന്ന സിപിഎം നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ അതിലും വലിയ അസഹിഷ്ണുതയാണ് നിത്യേന പ്രവര്‍ത്തിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.
എം കെ സി സ്മാരക പുരസ്‌കാരം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എ സജീവന് സുധീരന്‍ സമ്മാനിച്ചു. മറ്റൊരു അവാര്‍ഡ് ജേതാവ്  അല്‍ഹിന്ദ് ട്രാവല്‍സ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ടി ഹാരിസിന് വേണ്ടി അദ്ദേഹത്തിന്റെ പ്രതിനിധി പുരസ്‌കാരം ഏറ്റുവാങ്ങി. എം പി അബ്ദുസമദ് സമദാനി അധ്യക്ഷത വഹിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍, ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖ്, എം സി മായിന്‍ഹാജി, എം എ റസാഖ് , നവാസ് പൂനൂര്‍, എം വി കുഞ്ഞാമു, കെ മൊയ്തീന്‍കോയ, സി പി ഇഖ്ബാല്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top