മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കാനുള്ള നിര്‍ദേശം പിന്‍വലിച്ചു

ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തകരുടെ ഔദ്യോഗിക അംഗീകാരം റദ്ദാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ വിവാദ നിര്‍ദേശം പിന്‍വലിച്ചു. വ്യാജ വാര്‍ത്ത ഉണ്ടാക്കുകയോ അതു പ്രചരിപ്പിക്കുകയോ ചെയ്യുന്ന പത്രപ്രവര്‍ത്തകരുടെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അക്രഡിറ്റേഷന്‍ (അംഗീകാരം) താല്‍ക്കാലികമായോ സ്ഥിരമായോ റദ്ദാക്കണമെന്ന കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ നിര്‍ദേശമാണ് പിന്‍വലിച്ചത്. നിര്‍ദേശം പിന്‍വലിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടതായി മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുഖേന മാത്രമേ ഇത്തരത്തിലുള്ള നടപടികള്‍ ഉണ്ടാവൂ എന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
വ്യാജവാര്‍ത്ത സംബന്ധിച്ച പരാതി ലഭിച്ചാലുടന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയോ (പിസിഐ) ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷനോ (എന്‍ബിഎ) കൈമാറി കേന്ദ്രസര്‍ക്കാര്‍ ഉപദേശം തേടുമെന്നും 15 ദിവസത്തിനുള്ളില്‍ ഇതുസംബന്ധിച്ച റിപോര്‍ട്ട് സമിതികള്‍ സര്‍ക്കാരിന് തിരികെ നല്‍കണമെന്നുമായിരുന്നു തിങ്കളാഴ്ച രാത്രി വാര്‍ത്താവിതരണ മന്ത്രാലയം പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നത്. സമിതികള്‍ റിപോര്‍ട്ടുകള്‍ നല്‍കുന്നതു വരെ ആരോപണവിധേയരായ പത്രപ്രവര്‍ത്തകരുടെ അംഗീകാരം മരവിപ്പിക്കുമെന്നും മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ ഉണ്ടായിരുന്നു. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതായി തെളിഞ്ഞാല്‍ ആറുമാസത്തേക്ക് അംഗീകാരം റദ്ദാക്കും. വീണ്ടും പരാതി ലഭിച്ചാല്‍ ഒരു വര്‍ഷത്തേക്കും തുടര്‍ന്ന് സ്ഥിരമായും അംഗീകാരം നഷ്ടപ്പെടുമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. നിലവില്‍ അച്ചടിമാധ്യമങ്ങളെ കുറിച്ചുള്ള പരാതികള്‍ പിസിഐയും ടെലിവിഷന്‍ ചാനലുകളെ കുറിച്ചുള്ള പരാതികള്‍ എന്‍ബിഎയുമാണ് പരിഗണിക്കുന്നത്.
സര്‍ക്കാരിന് അനുകൂലമായി മാധ്യമങ്ങളെ ദുരുപയോഗിക്കാന്‍ സാധ്യതയുള്ള നീക്കത്തിനെതിരേ ഡല്‍ഹിയില്‍ വിവിധ പത്രപ്രവര്‍ത്തക സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വാര്‍ത്താക്കുറിപ്പ് പിന്‍വലിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് നിര്‍ദേശം നല്‍കിയത്.

RELATED STORIES

Share it
Top