മാധ്യമപ്രവര്‍ത്തകനെയും ഭാര്യയെയും വീട്ടില്‍ കെട്ടിയിട്ട് വന്‍ കവര്‍ച്ച

കണ്ണൂര്‍: മാധ്യമപ്രവര്‍ത്തകനെയും ഭാര്യയെയും ആക്രമിച്ചു കീഴ്‌പ്പെടുത്തിയശേഷം വന്‍ കവര്‍ച്ച. മാതൃഭൂമി കണ്ണൂര്‍ യൂനിറ്റ് ന്യൂസ് എഡിറ്റര്‍ കെ വിനോദ് ചന്ദ്രന്‍ (53), ഭാര്യ പി സരിത (46) എന്നിവരാണ് ആക്രമണത്തിനും കൊള്ളയ്ക്കും ഇരയായത്. ഇരുവരും വാടകയ്ക്കു താമസിക്കുന്ന താഴെചൊവ്വ തെഴുക്കിലെപീടിക ഉരുവച്ചാലിലെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം.
ആയുധധാരികളായ നാലംഗ മുഖംമൂടിധാരികള്‍ വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ടശേഷം സ്വര്‍ണവും പണവും അപഹരിക്കുകയായിരുന്നു. 25 പവന്‍ സ്വര്‍ണാഭരണങ്ങളും 20,000 രൂപയും മൂന്ന് മൊബൈല്‍ ഫോണുകളും എടിഎം കാര്‍ഡും നഷ്ടപ്പെട്ടു. തലയ്ക്കും മുഖത്തും കഴുത്തിനും സാരമായി പരിക്കേറ്റ ഇരുവരെയും കണ്ണൂര്‍ എകെജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിനോദ് ചന്ദ്രനും ഭാര്യയും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. രണ്ടു മക്കള്‍ കര്‍ണാടകയില്‍ പഠിക്കുകയാണ്. അര്‍ധരാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തിയതായിരുന്നു ഇരുവരും. മുന്‍വശത്തെ വാതില്‍ തകര്‍ക്കുന്ന ശബ്ദം കേട്ടാണ് ഇവര്‍ കിടപ്പുമുറിയില്‍ നിന്ന് പുറത്തേക്കുവന്നത്. ഉടനെ അതിക്രമിച്ച് അകത്തുകടന്ന സംഘം ഇരുവരെയും മര്‍ദിക്കുകയും നടുത്തളത്തിലെ കസേരയില്‍ കൈകാലുകള്‍ കെട്ടിയിടുകയും ചെയ്തു. ശബ്ദം പുറത്തുകേള്‍ക്കാതിരിക്കാന്‍ വായയില്‍ തുണി തിരുകി. അലമാരയില്‍ സൂക്ഷിച്ചിരുന്ന സരിതയുടെ 25 പവന്‍ സ്വര്‍ണാഭരണങ്ങളും 20,000 രൂപയും കൈക്കലാക്കി. തുടര്‍ന്ന് മോഷ്ടാക്കള്‍ പുലര്‍ച്ചെ നാലോടെ വാഹനത്തില്‍ കയറി സ്ഥലംവിടുകയായിരുന്നു.
വിനോദ് ചന്ദ്രന്റെ ഭാര്യയാണ് കെട്ടഴിച്ച് ആദ്യം മോചിതയായത്. വീട്ടിലുണ്ടായിരുന്ന ലാന്‍ഡ്‌ഫോണില്‍ മാതൃഭൂമി ഓഫിസില്‍ വിളിച്ചറിയിച്ചശേഷം പോലിസിനു വിവരം കൈമാറി. പോലിസ് എത്തിയാണ് ഇരുവരെയും ആശുപത്രിയിലേക്കു മാറ്റിയത്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഇതരസംസ്ഥാനക്കാരാണ് മോഷ്ടാക്കളെന്ന് സംശയിക്കുന്നു. കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.

RELATED STORIES

Share it
Top