മാധ്യമപ്രവര്‍ത്തകനു നേരെ ചെങ്ങന്നൂരില്‍ എംഎല്‍എയുടെ ആക്രോശം

ചെങ്ങന്നൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ചെങ്ങന്നൂരില്‍ നിര്‍ബന്ധിത പണപ്പിരിവ് നടത്തിയതിനെതിരേ വാര്‍ത്ത കൊടുത്ത മാധ്യമ പ്രവര്‍ത്തകനു നേരെ സജി ചെറിയാന്‍ എംഎല്‍എയുടെ ആക്രോശം. 'ഞങ്ങള്‍ക്കെതിരേ നീ വാര്‍ത്ത കൊടുക്കുമല്ലേ... നിന്നെ കാണിച്ചുതരാം' എന്നാണ് മാതൃഭൂമി ലേഖകന്‍ കെ രംഗനാഥ കൃഷ്ണനോട് കൈചൂണ്ടി എംഎല്‍എ പറഞ്ഞത്. മന്ത്രിമാരായ ജി സുധാകരന്‍, പി തിലോത്തമന്‍, ആര്‍ഡിഒ അടക്കമുള്ളവരുള്ള വേദിയിലാണു സംഭവം. എംഎല്‍എ വീണ്ടും മാധ്യമ പ്രവര്‍ത്തകനു നേരെ ക്ഷുഭിതനായപ്പോള്‍ മന്ത്രി ജി സുധാകരന്‍ തടയാന്‍ ശ്രമിച്ചു. എന്നാല്‍ ആദ്യം ഇതു വകവയ്ക്കാത്ത എംഎല്‍എ മിണ്ടാതിരിക്കെന്നു മന്ത്രി കര്‍ശനമായി പറഞ്ഞപ്പോഴാണ് അടങ്ങിയത്.
ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ഏറ്റുവാങ്ങുന്ന പരിപാടിയുടെ ചിത്രമെടുക്കുകയായിരുന്നു മാധ്യമ പ്രവര്‍ത്തകന്‍.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നു ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ വീതം നിര്‍ബന്ധമായും ആവശ്യപ്പെടുന്നെന്ന വാര്‍ത്തയാണ് എംഎല്‍എയെ ക്ഷുഭിതനാക്കിയത്. പ്രളയക്കെടുതി രൂക്ഷമായ ഇടങ്ങളാണു പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, മാന്നാര്‍ പഞ്ചായത്തുകളും ചെങ്ങന്നൂര്‍ നഗരസഭയും. വരുമാനം വളരെ കുറവായതിനാല്‍ ചെങ്ങന്നൂര്‍ നഗരസഭയിലും പഞ്ചായത്തുകളിലും ജീവനക്കാര്‍ക്കു രണ്ടു മാസം കൂടുമ്പോള്‍ മാത്രം വേതനം കിട്ടുന്ന അവസ്ഥ വരെയുണ്ട്. ഇതിനിടെയാണ് 25 ലക്ഷം നിര്‍ബന്ധമായും നല്‍കണമെന്ന ആവശ്യവുമായി എംഎല്‍എ വരുന്നത്. നേരത്തെ ദുരിതാശ്വാസ നിധിയിലേക്കു ചെങ്ങന്നൂരില്‍ നിന്ന് 15 കോടി രൂപ പിരിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടതു വിവാദമായിരുന്നു. പിന്നീട് ഈ പണത്തിനായി പാര്‍ട്ടി ഏരിയാ ലോക്കല്‍ സെക്രട്ടറിമാരും പാര്‍ട്ടി ടിക്കറ്റില്‍ ജയിച്ച പഞ്ചായത്ത് മെംബര്‍മാരും വഴി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സമ്മര്‍ദം ചെലുത്തി. 25 ലക്ഷം എടുക്കാനില്ലാത്തതിനാല്‍ മാന്നാര്‍ പഞ്ചായത്ത് 10 ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിച്ചെങ്കിലും എല്‍ഡിഎഫ് അംഗങ്ങള്‍ ബഹളം വച്ച് ഇറങ്ങിപ്പോയിരുന്നു. പ്രളയത്തില്‍ പാണ്ടനാട് പഞ്ചായത്ത് ഓഫിസിലെ 12 കംപ്യൂട്ടറുകളടക്കം എല്ലാ രേഖകളും ഉപകരണങ്ങളും മുങ്ങി കേടായിരുന്നു.
തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിന്റെ സ്ഥിതിയും മറിച്ചല്ല. മൂന്നുലക്ഷം രൂപ മാത്രമേ നല്‍കാന്‍ നിര്‍വാഹമുള്ളൂ എന്നാണു പഞ്ചായത്ത് അധികൃതര്‍ അറിയിച്ചത്. ദുരിതം അനുഭവിച്ച ജനങ്ങളില്‍ നിന്നു നിര്‍ബന്ധിച്ച് പണപ്പിരിവു നടത്തുന്നതില്‍ താലൂക്കില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെയാണു വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകന് നേരെ എംഎല്‍എയുടെ ആക്രോശം.

RELATED STORIES

Share it
Top