മാധ്യമങ്ങള്‍ ഇന്ത്യയുടെ പ്രശ്‌നത്തിന്റെ ഭാഗമെന്ന് ശശികുമാര്‍

ചാത്തമംഗലം: രാജ്യത്ത് സാമൂഹികനീതി ലക്ഷ്യമാക്കുന്ന കാര്യത്തില്‍ പരിഹാരത്തിന്റെ ഭാഗമാകേണ്ട മാധ്യമങ്ങള്‍ പ്രശ്‌നത്തിന്റെ ഭാഗമായാണിരിക്കുന്നതെന്ന് പ്രമുഖ മാധ്യമചിന്തകനും ഏഷ്യന്‍ കോളജ് ഓഫ് ജേര്‍ണലിസത്തിന്റെ ചെയര്‍മാനുമായ ശശികുമാര്‍. സാമൂഹികനീതി, സാമുദായിക സൗഹാര്‍ദം പുതുവിദ്യാഭ്യാസം എന്ന വിഷയത്തില്‍ ദയാപുരത്തു നടക്കുന്ന ത്രിദിന അന്താരാഷ്ട്ര കോണ്‍ഫറന്‍സിന്റെ സമാപനസമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയക്കാര്‍ക്ക് വോട്ടുബാങ്കുകളുണ്ടാക്കാനുള്ള ക്ലീഷേയിലധികം ഒന്നുമല്ലാത്ത ഒരു പദമായി സാമൂഹികനീതിയെ മാറ്റിയതില്‍ മാധ്യമങ്ങള്‍ക്കു വലിയ പങ്കുണ്ട്. ഗവണ്‍മെന്റ് സബ്‌സിഡി എന്ന പദത്തിനെ പരിഹാസ്യമായിക്കാണുന്ന ടെലിവിഷന്‍ അവതാരകരുണ്ട് നമ്മുടെ നാട്ടില്‍. മാര്‍ക്കറ്റ് താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള മൂല്യബോധം ഉണ്ടാക്കുന്നതില്‍ വലിയ പങ്കാണ് മാധ്യമങ്ങള്‍ക്കുള്ളത്. സ്വന്തം താല്‍പര്യങ്ങള്‍ക്കപ്പുറം ഒന്നും ശ്രദ്ധിക്കാത്ത ഉപഭോഗതല്പരനായ പൗരനെ സൃഷ്ടിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് കുറ്റകരമായ പങ്കുണ്ട്. ജാതീയതയുടേയോ ദാരിദ്ര്യത്തിന്റേയോ കെടുതികളിലേക്ക് ശ്രദ്ധ എത്തിക്കാന്‍ ശ്രമിക്കേണ്ട മാധ്യമങ്ങള്‍ ജനങ്ങളെ പ്രതിനിധീകരിക്കാതായിക്കഴിഞ്ഞിരിക്കുന്നു. എന്നിട്ടവര്‍ ജനാധിപത്യത്തില്‍ മാധ്യപ്രവര്‍ത്തകര്‍ക്കുള്ള സവിശേഷ ഇടം ചോദിക്കുന്നു. ഭരണഘടന കൊടുത്തതല്ല പത്രക്കാര്‍ക്കുള്ള സ്ഥാനം. അവര്‍ സ്വന്തം പ്രവര്‍ത്തനത്തിലൂടെ നേടിയെടുത്തതാണ്. അത് ഇന്നത്തെ പത്രക്കാര്‍ നശിപ്പിക്കരുതെന്ന് ശശികുമാര്‍ ചൂണ്ടിക്കാണിച്ചു. സമ്മേളനത്തില്‍ ദയാപുരം അഡ്മിനിസ്‌ട്രേറ്റര്‍ കെ കുഞ്ഞോയി, കോണ്‍ഫറന്‍സ് കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ ഹാബിറ്റാറ്റ് സ്‌കൂള്‍സ് സിഇഒ സി ടി ആദില്‍ സംസാരിച്ചു.

RELATED STORIES

Share it
Top