മാധ്യമങ്ങള്‍ക്കെതിരേ എന്തുകൊണ്ട് നടപടിയില്ല ?

ന്യൂഡല്‍ഹി: ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ ഇരകളുടെ പേരുവിവരങ്ങള്‍ പരസ്യമാക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും എതിരേ എന്തുകൊണ്ടാണ് യാതൊരു നടപടിയും സ്വീകരിക്കാത്തതെന്ന് സുപ്രിംകോടതി.
ബിഹാറിലെ മുസഫര്‍പൂരിലെ അനാഥാലയത്തില്‍ പെണ്‍കുട്ടികളെ വ്യാപകമായി ലൈംഗികചൂഷണത്തിന് ഇരയാക്കിയതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മാധ്യമപ്രവര്‍ത്തക നിവേദിത ഝാ നല്‍കി ഹരജി പരിഗണിക്കുകയായിരുന്നു മദന്‍ ബി ലോകൂര്‍ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച്.
ബലാല്‍സംഗ വാര്‍ത്തകളില്‍ ഇരകളെ തിരിച്ചറിയുന്ന വിധത്തിലുള്ള പരാമര്‍ശങ്ങളെക്കുറിച്ച് എന്തുകൊണ്ടാണ് നിങ്ങള്‍ പോലിസിനെ അറിയിക്കാത്തതെന്നും മാധ്യമങ്ങളിലെ ഉള്ളടക്കങ്ങളെ നിരീക്ഷിക്കുന്ന പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പിസിഐ), ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി (എന്‍ബിഎസ്എ),പത്രാധിപരുടെ പൊതുകൂട്ടായ്മയായ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫെഡറേഷന്‍ എന്നിവരോട് സുപ്രിംകോടതി ആരാഞ്ഞു.
ലൈംഗിക അതിക്രമ വാര്‍ത്തകളില്‍ ഇരകളെ തിരിച്ചറിയുന്ന പരാമര്‍ശങ്ങള്‍ നടത്തിയ റിപോര്‍ട്ടര്‍മാര്‍ക്കും ചാനലുകള്‍ക്കുമെതിരേ നടപടി സ്വീകരിക്കാതിരുന്ന എന്‍ബിഎസ്എയുടെ നടപടിയെ കോടതി വിമര്‍ശിച്ചു.
എന്തുകൊണ്ടാണ് ഇത്തരക്കാരെ വിചാരണ ചെയ്യാത്തതെന്നും കോടതി ചോദിച്ചു. കേസില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, എന്‍ബിഎസ്എ, എഡിറ്റേഴ്‌സ് ഗില്‍ഡ്, ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫെഡറേഷന്‍ എന്നിവയ്ക്കു കോടതി നോട്ടീസ് അയച്ചു.
രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം ബോധിപ്പിക്കാനാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

RELATED STORIES

Share it
Top