മാധ്യമങ്ങളുടെ വായടപ്പിക്കാന്‍ സംഘടിതശ്രമമെന്ന്

പത്തനംതിട്ട: മാധ്യമങ്ങളുടെ വായടപ്പിക്കാന്‍ രാജ്യത്തു സംഘടിത ശ്രമം നടക്കുന്നതായി പ്രമുഖ സോഷ്യലിസ്റ്റ് നേതാവും പ്ലാന്റേഷന്‍ കോര്‍പറേഷന്‍ മുന്‍ ചെയര്‍മാന്‍മാനുമായ ഡോ. വര്‍ഗീസ് ജോര്‍ജ്. കശ്മീരില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ഷുജാത് ബുഖാരിക്ക് ആദരഞ്ജലി അര്‍പ്പിച്ച് പത്തനംതിട്ട പ്രസ്‌ക്ലബില്‍ ചേര്‍ന്ന യോഗത്തില്‍ മാധ്യമ സ്വാതന്ത്ര്യം വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നയപരമായ തീരുമാനങ്ങളിലൂടെ മാധ്യമങ്ങളെ ഇല്ലായ്മ ചെയ്യാന്‍ മുമ്പുണ്ടാകാത്ത തരത്തില്‍ നീക്കമുണ്ട്. ശാരീരികോപദ്രവം ഏല്‍പിച്ചും മാധ്യമപ്രവര്‍ത്തകരെ ഇല്ലായ്മ ചെയ്തും സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയും ഇന്റര്‍നെറ്റ് പോലെയുള്ള സാങ്കേതികവിദ്യകളില്‍ മുടക്കംവരുത്തിയും മാധ്യമങ്ങളെ തങ്ങളുടെ വരുതിയില്‍ നിര്‍ത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ഡോ. വര്‍ഗീസ് ജോര്‍ജ് ചൂണ്ടിക്കാട്ടി. ജനാധിപത്യം നമ്മുടെ രാജ്യത്തു നിലനില്‍ക്കണമെങ്കില്‍ മാധ്യമളുണ്ടാകണം. കാശ്മീരില്‍ നീതിയും സമാധാനവും പുലരണമെന്നാഗ്രഹിച്ച മാധ്യമ പ്രവര്‍ത്തകനായിരുന്നു ഷുജാത് ബുഖാരിയെന്നും അദ്ദേഹത്തെ കൊലപ്പെടുത്തിയപ്പോള്‍ മാധ്യമധര്‍മം ഉയര്‍ത്തിപ്പിടിച്ച് തങ്ങളുടെ കര്‍മമണ്ഡലത്തില്‍ ശക്തമായ പോര്‍വിളി ഉയര്‍ത്താന്‍  സഹപ്രവര്‍ത്തകര്‍ക്കു കഴിഞ്ഞുവെന്നത് നാടിന് അഭിമാനമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റ് സാം ചെമ്പകത്തില്‍, സെക്രട്ടറി ബിജു കുര്യന്‍ സംസാരിച്ചു.

RELATED STORIES

Share it
Top