മാധ്യമങ്ങളില്‍ കുട്ടികളെപ്പറ്റി റിപോര്‍ട്ട് ചെയ്യാന്‍ സമ്മതം ആവശ്യം: ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: വാര്‍ത്ത വന്നതിനെ തുടര്‍ന്ന് ആത്മാഭിമാനം ഹനിക്കപ്പെട്ട് മാനസികമായി തളര്‍ന്ന കുട്ടി ആത്മഹത്യ ചെയ്ത കേസില്‍ തുടര്‍നടപടിയുമായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍. കുട്ടികളുടെ നിര്‍ധനാവസ്ഥ, സാമ്പത്തിക പിന്നാക്കാവസ്ഥ, ശോച്യാവസ്ഥ എന്നിവയെപ്പറ്റിയുള്ള റിപോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് മാധ്യമങ്ങള്‍ കുട്ടിയുടെയും രക്ഷകര്‍ത്താവിന്റെയും സമ്മതം വാങ്ങിയിരിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവായി. ഇത്തരം റിപോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ കൂടുതല്‍ ശ്രദ്ധയും കരുതലും പുലര്‍ത്തണമെന്ന് നിഷ്‌കര്‍ഷിച്ച് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികള്‍, മാനസിക-ശാരീരിക-ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയരായ കുട്ടികള്‍, നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍ എന്നിവരുടെ പേരുവിവരങ്ങള്‍ നിയമപരമായി പ്രസിദ്ധപ്പെടുത്താന്‍ കഴിയില്ല. കുട്ടികളെ തിരിച്ചറിയാതിരിക്കാനും അതിലൂടെ അവര്‍ക്ക് മനപ്രയാസം ഉളവാകാതിരിക്കാനുമാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. കുട്ടികളെ സഹായിക്കുക എന്ന സദുദ്ദേശ്യത്തോടെ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ പക്ഷേ, ചിലരില്‍ വലിയ മാനസിക ആഘാതത്തിന് ഇടവരുത്താറുണ്ട്. കുടുംബപശ്ചാത്തലം സമൂഹത്തിനു മുന്നില്‍ വിവരിച്ച് പരസഹായം തേടുന്നതിന് എല്ലാവരും താല്‍പര്യപ്പെടുന്നില്ല. ഇത്തരം കാര്യങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ കുറച്ചുകൂടി ശ്രദ്ധ പുലര്‍ത്തണമെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിലാണ് കുട്ടികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും സമ്മതപത്രം വാങ്ങി വാര്‍ത്ത പ്രസിദ്ധീകരിക്കണമെന്ന് നിര്‍ദേശിച്ചത്. ദരിദ്ര പശ്ചാത്തലത്തില്‍ പഠിച്ച കുട്ടി പരീക്ഷയില്‍ ഉന്നതവിജയം നേടിയെന്ന് വാര്‍ത്തവന്നതിനെ തുടര്‍ന്ന് കുട്ടി ആത്മഹത്യചെയ്ത കേസിലാണ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ആത്മാഭിമാനം ഹനിക്കപ്പെട്ട് മാനസികമായി തളര്‍ന്ന കുട്ടി ആത്മഹത്യ ചെയ്തു എന്നാണ് കേസ്.

RELATED STORIES

Share it
Top