മാത്യു ടി തോമസിനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കേണ്ടെന്നു ധാരണ

കൊച്ചി: ജനതാദള്‍ സെക്യുലര്‍ സംസ്ഥാന കൗണ്‍സില്‍ യോഗത്തിന്റെ രണ്ടാംദിവസവും മന്ത്രി മാത്യു ടി തോമസിനെതിരേ രൂക്ഷവിമര്‍ശനം ഉയര്‍ന്നെങ്കിലും മന്ത്രിസ്ഥാനത്തുനിന്നു തല്‍ക്കാലം മാേറ്റണ്ടെന്നു തീരുമാനം. മന്ത്രിക്കെതിരേ രൂക്ഷവിമര്‍ശനവുമായി ഇന്നലെയും സംസ്ഥാന നേതാക്കളില്‍ ചിലര്‍ രംഗത്തെത്തിയതായാണു വിവരം.
ആദ്യദിവസം നടന്ന സംസ്ഥാന നിര്‍വാഹകസമിതി യോഗത്തിലും മാത്യു ടി തോമസിനെതിരേ വിമര്‍ശനമുണ്ടായിരുന്നു. ഇതുവരെ അവസരം ലഭിക്കാത്ത കെ കൃഷ്ണന്‍കുട്ടി എംഎല്‍എക്ക് ഇത്തവണയെങ്കിലും മന്ത്രിസ്ഥാനം നല്‍കണമെന്ന് ഒരുവിഭാഗം യോഗത്തില്‍ ആവശ്യപ്പെട്ടതായാണ് അറിയുന്നത്. ദേശീയ സെക്രട്ടറി ജനറല്‍ ഡാനിഷ് അലിയുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. മന്ത്രിയെ തല്‍ക്കാലം മാറ്റേണ്ടതില്ലെന്ന നിലപാടിലാണ് യോഗം അവസാനിപ്പിച്ചത്. വിഷയം കേന്ദ്രനേതൃത്വത്തെ ഡാനിഷ് അലി അറിയിക്കും. സംസ്ഥാന കൗണ്‍സിലില്‍ മന്ത്രിയെ മാറ്റുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യണമെന്ന തീരുമാനത്തില്‍ മാത്യു ടി തോമസിനെതിരേ നേരത്തേ തന്നെ ഒരുവിഭാഗം പടയൊരുക്കം ആരംഭിച്ചിരുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. അതേസമയം, ജനതാദള്‍ സെക്യുലര്‍ സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്ന പരാതികളും ആവശ്യങ്ങളും കേന്ദ്രനേതൃത്വത്തെ അറിയിക്കുമെന്ന് ദേശീയ സെക്രട്ടറി ജനറല്‍ ഡാനിഷ് അലി അറിയിച്ചു. സംസ്ഥാന കൗണ്‍സിലിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചര്‍ച്ച ചെയ്ത എല്ലാ പ്രശ്‌നങ്ങളും വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയിലെ പല പ്രശ്‌നങ്ങളും തുടര്‍പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്തു.
എല്ലാ പ്രതിപക്ഷ കക്ഷികളെയും ഒരുമിപ്പിച്ച് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടണമെന്ന ആവശ്യം സംസ്ഥാന നേതൃത്വം മുന്നോട്ടുവച്ചിട്ടുണ്ടെന്നും ഇത് ദേശീയ അധ്യക്ഷനെ അറിയിക്കുമെന്നും ഡാനിഷ് അലി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ധര്‍ണ നടത്താനും സപ്തംബര്‍ ആദ്യവാരം പാലക്കാട്ട് കര്‍ഷക റാലി നടത്താനും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top