മാതൃവിദ്യാലയത്തിനായി പൂര്‍വ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഭീമന്‍ സ്ലേറ്റും പെന്‍സിലും കൗതുകമാവുന്നു

മുക്കം: അക്ഷരവെളിച്ചം നുകരാനെത്തിയ കുട്ടിക്കാലത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക പഴയ സ്ലേറ്റും പെന്‍സിലുമാണന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് തന്നെ 91 വര്‍ഷം ഒരു പ്രദേശത്തിനൊന്നാകെ അക്ഷരംവെളിച്ചം പകര്‍ന്നു നല്‍കിയ മാതൃവിദ്യാലയത്തിന് പൂര്‍വ വിദ്യാര്‍ഥികള്‍ നിര്‍മിച്ചു നല്‍കിയത് ഭീമന്‍സ്ലേറ്റും പെന്‍സിലും തന്നെയാണ്.
91 വര്‍ഷം പിന്നിട്ട പന്നിക്കോട് ഗവ  എല്‍പി സ്‌കൂളില്‍ ആദ്യമായി പൂര്‍വ വിദ്യാര്‍ഥികളും അധ്യാപകരും ഈ ശനിയാഴ്ച ഒത്തുചേരുമ്പോള്‍ 91 ചെറിയ സ്ലേറ്റുകളുടെ വലിപ്പമുള്ള ഭീമന്‍ സ്ലേറ്റും പെന്‍സിലും പൂര്‍വ വിദ്യാര്‍ഥികളായ രാജേഷ് കളക്കുടി കുന്ന്, സുനില്‍ കളക്കുടി കുന്ന് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ചതാണ്. 220 സെന്റീമീറ്റര്‍ നീളവും 149 സെന്റീമീറ്റര്‍ വീതിയുമുള്ള സ്ലേറ്റിന് ഒരു ക്വിന്റലോളം ഭാരവുമുണ്ട്. 127 സെന്റീമീറ്റര്‍ നീളമുള്ള പെന്‍സിലിന് 22 സെന്റിമീറ്റര്‍ വണ്ണമുണ്ട്. മരവും സാധാരണഗതിയില്‍ സ്ലേറ്റ് നിര്‍മിക്കാനുപയോഗിക്കുന്ന മൈക്കയുമാണ് ഈ ഭീമന്‍ സ്ലേറ്റ് നിര്‍മിക്കുന്നതിനായും ഉപയോഗിച്ചത്. പെന്‍സിലിനായി പ്ലാസ്റ്റര്‍ ഓഫ് പാരീസ്, സിമന്റ്, സ്‌റ്റൈനര്‍ എന്നിവയുടെ പ്രത്യേക കൂട്ട് രാജേഷ് തന്നെ കണ്ടുപിടിച്ചതാണ്. സാധാരണ സ്ലേറ്റും പെന്‍സിലും പോലെ എഴുതാന്‍ പറ്റും എന്നതും ഇതിന്റെ പ്രത്യേകതയാണ്. രാജേഷും സുനിലും ഒരാഴ്ചയിലധികം ചിലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. സ്‌കൂളിന് പൂര്‍വ വിദ്യാര്‍ഥികളുടെ വകയായി ഈ ഭീമന്‍ സ്ലേറ്റ് സമ്മാനിക്കും. സംഗമത്തിന്റെ ഭാഗമായി രണ്ടു ക്ലാസ് മുറികളും പൂര്‍വ വിദ്യാര്‍ഥികള്‍ ഡിജിറ്റല്‍ ചെയ്ത് നല്‍കും.

RELATED STORIES

Share it
Top