മാതൃകാ പെരുമാറ്റച്ചട്ടം ഉടന്‍ വരും: തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: കാലാവധി പൂര്‍ത്തിയാവും മുമ്പ് നിയമസഭ പിരിച്ചുവിട്ടാല്‍ ഉടന്‍ തന്നെ അതതു സംസ്ഥാനങ്ങളില്‍ മാതൃകാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍.
നിയമസഭ പിരിച്ചുവിട്ടശേഷമുള്ള കാവല്‍ മന്ത്രിസഭ നിര്‍ണായകമായ തീരുമാനങ്ങളെടുക്കുകയോ പ്രഖ്യാപനങ്ങള്‍ നടത്തുകയോ ചെയ്യരുതെന്നും കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു. നിലവില്‍ കാലാവധി പൂര്‍ത്തിയാവും മുമ്പ് പിരിച്ചുവിട്ട തെലങ്കാന നിയമസഭയ്ക്ക് കമ്മീഷന്റെ ഉത്തരവ് ബാധകമാവും. ഈ മാസം തുടക്കത്തിലാണ് തെലങ്കാന മന്ത്രിസഭ പിരിച്ചുവിട്ടത്. നിയമസഭ പിരിച്ചുവിടുന്നതും സംസ്ഥാനങ്ങള്‍ പ്രസിഡന്റ് ഭരണത്തിനു കീഴിലാക്കുന്നതും സംബന്ധിച്ച് 1994ലെ എസ് ആര്‍ ബൊമ്മെ കേസ് വിധിയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുളളത്. പുതിയ നിര്‍ദേശങ്ങള്‍ കാബിനറ്റ് സെക്രട്ടറിമാര്‍ക്കും സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും കമ്മീഷന്‍ കൈമാറി.
ഇതുവരെ തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിച്ച ശേഷം മാത്രമാണ്് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരുന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവരുന്ന തിയ്യതിയുടെ മൂന്നാഴ്ച മുമ്പ് മാതൃകാ പെരുമാറ്റച്ചട്ടം പ്രഖ്യാപിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള 2001ലെ കരാര്‍പ്രകാരമാണിത്.

RELATED STORIES

Share it
Top