മാതൃകയായി ഹോം ഷോപ്പ് പദ്ധതി

കല്‍പ്പറ്റ: കുടുംബശ്രീ ഉല്‍പന്നങ്ങള്‍ ഉപഭോക്താവിന്റെ വീട്ടുമുറ്റത്തെത്തുന്ന 'ഹോം ഷോപ്പ്' പദ്ധതിയുടെ പ്രവര്‍ത്തനം ജില്ലയ്ക്ക് മാതൃകായാവുന്നു. കുടുംബശ്രീയുടെ സാമൂഹികാധിഷ്ഠിത വിതരണ വിപണന സംവിധാനമാണ് ഹോം ഷോപ്പ്. നാലു മാസംകൊണ്ട് പത്തര ലക്ഷം രൂപയുടെ വിറ്റുവരവും ഹോം ഷോപ്പ് ഓണര്‍(എച്ച്എസ്ഒ)മാര്‍ക്ക് പതിനായിരം രൂപ വരെ മാസ വരുമാനവും പദ്ധതിയിലൂടെ ഉറപ്പാക്കി. പനമരം ബ്ലോക്കിലെ അഞ്ചു ഗ്രാമപ്പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കിയത്.

രണ്ടാം ഘട്ടമായി സുല്‍ത്താന്‍ ബത്തേരി ബ്ലോക്കിലും പദ്ധതി വ്യാപിപ്പിച്ചു. പരിശീലനം ലഭിച്ച 44 എച്ച്എസ്ഒമാരാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. വിവിധ സിഡിഎസുകളില്‍ നിന്നായി 80 പേര്‍ക്കു കൂടി പരിശീലനം നല്‍കി നിയമിക്കും. മൂന്നാംഘട്ടമായി ജില്ലയിലെ മുഴുവന്‍ വാര്‍ഡുകളില്‍ നിന്നും എച്ച്എസ്ഒമാരെ കണ്ടെത്തി പരിശീലനവും നിയമനവും നല്‍കി പദ്ധതി വ്യാപിപ്പിക്കും. ഇതോടെ 600 വനിതകള്‍ക്ക് ഉപജീവനം ഉറപ്പാക്കാനാവും. 10 സിഡിഎസുകളിലെ 13 കുടുംബശ്രീ ചെറുകിട സംരംഭങ്ങളില്‍ നിന്നായി 22 ഉല്‍പന്നങ്ങളോടൊപ്പം പ്രിയദര്‍ശിനി ചായപ്പൊടിയുമാണ് എച്ച്എസ്ഒമാര്‍ വിപണനം നടത്തുന്നത്.

കറി പൗഡറുകള്‍, അരിപ്പൊടി, അച്ചാര്‍, സോപ്പ്, സോപ്പു പൊടി, മെഴുകുതിരി, ലോഷനുകള്‍, പലഹാരങ്ങള്‍, കാപ്പി-ചായപ്പൊടികള്‍, ഹെയര്‍ ഓയില്‍, കൊണ്ടാട്ടം, പപ്പടം, ധാന്യപ്പൊടികള്‍ തുടങ്ങിയവയാണ് ഹോം ഷോപ്പിലൂടെ വിപണനം നടത്തുന്നത്.കുടുംബശ്രീ സംരംഭങ്ങളില്‍ നിന്ന് ഉല്‍പന്നങ്ങള്‍ നേരിട്ട് ഉപഭോക്താക്കളുടെ വീട്ടുമുറ്റത്തെത്തിക്കുന്ന കണ്ണികളാണ് ഹോം ഷോപ്പ് ഓപറേറ്റര്‍മാര്‍. കുടുംബശ്രീയുടെ നേതൃത്വത്തില്‍ സാമ്പത്തിക ശാക്തീകരണത്തിന്റെ ഭാഗമായി തുടങ്ങിയ ചെറുകിട സംരംഭങ്ങളിലെ ഉല്‍പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്താണ് വീടുകളിലെത്തിക്കുക. തനിമ, ഗുണനിലവാരം, പരിശുദ്ധി, മായം ചേര്‍ക്കാത്ത ഉല്‍പന്നങ്ങള്‍ ഉറപ്പാക്കുന്നതോടൊപ്പം വിലയിലും ഉപഭോക്താക്കള്‍ക്ക് ആശ്വാസകരമാവും.

ഇടനിലക്കാരില്ലാതെ ഉല്‍പാദകരെയും ഉപഭോക്താക്കളെയും നേരിട്ട് ബന്ധിപ്പിക്കുന്ന കണ്ണിയായാണ് ഹോം ഷോപ്പ് പ്രവര്‍ത്തിക്കുന്നത്. ഉല്‍പന്നങ്ങളുടെ ശേഖരണം, ബ്രാന്റിങ്, പാക്കിങ്, ലേബലിങ്, വിലനിര്‍ണയം, പിന്തുണാ സംവിധാനം, ആവശ്യമെങ്കില്‍ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാനും സഹായിക്കാനുമായി പദ്ധതിയുടെ ഭാഗമായി ജില്ലാ തലത്തില്‍ സഹ്യാദ്രി മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ് ടീം പ്രവര്‍ത്തിക്കുന്നുണ്ട്. ഉല്‍പാദന യൂനിറ്റുകള്‍, സംരംഭ ഗ്രൂപ്പുകള്‍, എച്ച്എസ്ഒമാര്‍, മാര്‍ക്കറ്റിങ് മാനേജ്‌മെന്റ് ടീം അംഗങ്ങള്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍, എംഇസിമാര്‍ അംഗങ്ങളും ജില്ലാ മിഷന്‍ എംഇ കണ്‍സള്‍ട്ടന്റ് കണ്‍വീനറും ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ചെയര്‍മാനുമായ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

RELATED STORIES

Share it
Top