മാതാവിന്റെ കടുംകൈ; നടുക്കം വിട്ടുമാറാതെ പുറമേരി

നാദാപുരം: പുറമേരിയില്‍ മൂന്നും ഒന്നരയും വയസ്സുള്ള രണ്ടു മക്കളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കികൊല്ലാന്‍ ശ്രമിക്കുകയും മൂന്ന് വയസ്സുകാരി മരിക്കുകയും ചെയ്ത സംഭവം ഒരു നാടിനെ  ഞെട്ടിച്ചു. ഇന്നലെ ഒരു മണിയോടെയാണ് ദുരന്ത വാര്‍ത്ത പുറത്തറിയുന്നത്.
പുറമേരിയിലെ കുളങ്ങരത്ത് മുഹമ്മദ് ഖൈഫിന്റെ ഭാര്യ നരിപ്പറ്റ സ്വദേശിനി സഫൂറയാണ് ഈ കൊടുംക്രൂരത കാണിച്ചത്.  സമീപത്തെ മറ്റു കുട്ടികള്‍ക്കൊപ്പം വീട്ടു പറമ്പിലും മറ്റും കളിച്ചു നടന്ന മകളെയാണ് മാതാവ് കൊലപ്പെടുത്തിയത്. കുടുംബ വഴക്കാണ് സഫൂറയെ ഈ ക്രൂരതക്ക് പ്രേരിപ്പിച്ചതെന്നാണ് യുവതി പോലിസിന് മൊഴി നല്‍കിയത്.
കൊലക്ക് ശേഷം മാതാവ് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും കാര്യമായ പരിക്കില്ലാതെ രക്ഷപ്പെടുകയായിരുന്നു.സഫൂറയുടെ ഭര്‍ത്താവിന്റെ ഉമ്മ മറിയത്തിന്റെ ഇടപെടലാണ് ഇളയ കുട്ടിയുടെ ജീവന്‍ തിരിച്ചുകിട്ടാന്‍ ഇടയാക്കിയത്.
മക്കളെ താന്‍ കൊലപ്പെടുത്തിയെന്ന് സഫൂറ വിളിച്ചു പറയുന്നത് കേട്ട മറിയം മുകള്‍ നിലയിലെ കുളിമുറിയില്‍ നോക്കിയപ്പോള്‍ ജീവന് വേണ്ടി പിടയുന്ന ഇളയ കുട്ടിയെ ആണ് കാണുന്നത്. ഉടന്‍ തന്നെ ഇവര്‍ രണ്ടു മക്കളെയും എടുത്ത് അലമുറയിട്ടുകൊണ്ട് പുറത്ത് റോഡിലേക്ക് ഓടുകയായിരുന്നു.സഫൂറ തന്നെയാണ് മരണപ്പെട്ട കുട്ടിയെ എടുത്ത് പുറത്ത്  റോഡിലേക്കിറങ്ങിയത്.
വീട്ടുകാരുടെ കരച്ചില്‍ കേട്ട നാട്ടുകാര്‍ ഉടന്‍ തന്നെ ബൈക്കുകളില്‍ രണ്ടു കുട്ടികളെയും നാദാപുരം ഗവ. ആശുപത്രിയില്‍ എത്തിച്ചു. ഇളയ കുട്ടിക്ക് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടി സുഖം പ്രാപിച്ചു വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. നരിപ്പറ്റയിലെ  സ്വന്തം വീട്ടിലാണ് ഭൂരി ഭാഗം ദിനങ്ങളും സഫൂറ ഉണ്ടാവുക. ഇടയ്ക്കിടെ മാത്രമേ ഭര്‍ത്താവിന്റെ വീട്ടിലേക്ക് വരാറുള്ളുവെന്നും പലപ്പോഴും ഭര്‍ത്താവിന്റെ വീട്ടില്‍  കലഹം ഉണ്ടാകാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. മക്കളെയും ഭാര്യയെയും ദുബായിലേക്ക് കൊണ്ട് പോകാന്‍ വിസ ശരിയാക്കി ഖൈസ് നാട്ടിലെത്തുന്നതിന്റെ തലേ ദിവസമാണ് ഭാര്യയുടെ ഭാഗത്ത് നിന്ന് കൊടുംക്രൂരത ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. കൊലപാതകം നടന്ന വീട്ടില്‍ സയന്റിഫിക് വിദഗ്ധര്‍ ഇന്ന് പരിശോധന നടത്തുമെന്ന് പോലിസ് അറിയിച്ചു. വീടിന് പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top