മാതാപിതാക്കള്‍ ഭക്ഷണത്തില്‍ മരുന്ന് കലര്‍ത്തി നല്‍കിയെന്നു ഹാദിയ

ന്യൂഡല്‍ഹി: ഭക്ഷണത്തില്‍ മരുന്നു കലര്‍ത്തി നല്‍കിയെന്നതുള്‍പ്പെടെ രക്ഷിതാക്കള്‍ക്കും കേരള പോലിസിനുമെതിരേ ഡോ. ഹാദിയ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗുരുതര ആരോപണങ്ങള്‍. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ തന്നെ സന്ദര്‍ശിച്ച ശേഷം താന്‍ പറയാത്ത കാര്യങ്ങളാണു മാധ്യമങ്ങളോടു പറഞ്ഞതെന്നും ഡോ. ഹാദിയ വ്യക്തമാക്കുന്നു.
ഹൈക്കോടതി ഉത്തരവു പ്രകാരം വീട്ടിലെത്തിയ തനിക്ക് ഭക്ഷണത്തില്‍ മരുന്ന് കലര്‍ത്തി തന്നിരുന്നതായി ഹാദിയ ആരോപിച്ചു. ഇക്കാര്യം്അറിയിച്ചിട്ടും കോട്ടയം ജില്ലാ പോലിസ് മേധാവി കാണാനെത്തിയില്ല. ഇതേത്തുടര്‍ന്നാണു താന്‍ ഏതുനിമിഷവും കൊല്ലപ്പെട്ടേക്കാമെന്നു സന്ദര്‍ശിക്കാന്‍ വന്ന രാഹുല്‍ ഈശ്വറിനോട് പറഞ്ഞതെന്നും ഹാദിയ വ്യക്തമാക്കുന്നു. രാഹുല്‍ ഈശ്വര്‍ മൂന്നുതവണ തന്നെ കാണാനെത്തിയിരുന്നതായി വ്യക്തമാക്കിയ ഹാദിയ, അപ്പോഴൊക്കെ ഹിന്ദുമതത്തിലേക്കു തിരിച്ചെത്താന്‍ ആവശ്യപ്പെട്ടതായും പറയുന്നുണ്ട്. വീട്ടില്‍ ലഭിച്ച ഭക്ഷണത്തില്‍ അസ്വാഭാവികത ശ്രദ്ധയില്‍പ്പെട്ടതോടെ സ്വന്തമായി പാചകം ചെയ്യാന്‍ തുടങ്ങി. പിന്നീട് മൂന്നുദിവസം പട്ടിണി കിടന്നു. മൂന്നാം ദിവസം ഡിവൈഎസ്പി സന്ദര്‍ശിക്കുകയും എസ്പി വരുമെന്നും അറിയിച്ചു. എന്നാല്‍, എസ്പി വന്നില്ല. തുടര്‍ന്നു വീണ്ടും നിരാഹാരം തുടര്‍ന്നതോടെ ആരോഗ്യം വഷളായി.
അണുബാധ കൂടിയതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. സ്ഥിതി കൂടുതല്‍ വഷളായിട്ടും എസ്പി മയക്കുമരുന്നു കലര്‍ത്തിയ ഭക്ഷണം തനിക്കു നല്‍കിയെന്ന തെളിവ് പരിശോധിക്കാന്‍ തയ്യാറായില്ലെന്നും ഹാദിയ ആരോപിക്കുന്നു. ഇതിനു പുറമെയാണു വൈക്കം ഡിവൈഎസ്പിക്കെതിരായ ഗുരതരമായ ആരോപണങ്ങള്‍.
ക്രിമിനലുകളോട് എന്നതു പോലെയാണ് അദ്ദേഹം പെരുമാറിയത്. പരാതിപ്പെട്ടപ്പോള്‍ അതിസാമര്‍ഥ്യം വേണ്ടെന്നും കസ്റ്റഡിയിലുള്ള നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് അറിയാമെന്നുമായിരുന്നു മറുപടി. പീഡനത്തെക്കുറിച്ച് പരാതി പറഞ്ഞെങ്കിലും ഒന്നും ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു പോലിസിന്റെ മറുപടി. ഹിന്ദുമതത്തിലേക്കു തിരിച്ചു വരണമെന്ന് ഉപദേശിക്കാന്‍ വന്ന കൗണ്‍സിലര്‍മാരെ പീഡനം നടത്താന്‍ പോലിസ് അനുവദിച്ചു. കൗണ്‍സലിങിന് പകരം മാനസികവും ശാരീരികവുമായ പീഡനമായിരുന്നു പലരും നടത്തിയത്. ഇതില്‍ പലരുമെത്തിയതു ശിവശക്തി യോഗ സെന്ററില്‍ നിന്നാണെന്നു പിന്നീട് മനസ്സിലായെന്നും ഹാദിയ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ തയ്യാറാക്കിയ ഒരു കഥ അടിച്ചേല്‍പിക്കാനാണ് എന്‍ഐഎ  ശ്രമിച്ചതെന്ന് ഹാദിയ ആരോപിക്കുന്നു. ആര്‍ക്കെങ്കിലും ഇസ്‌ലാമിക വീഡിയോ ഷെയര്‍ ചെയ്തിരുന്നോ എന്നും സേലത്തെ പഠനകാലത്തു സുഹൃത്തുക്കള്‍ക്കു മിഠായി നല്‍കിയിരുന്നോ എന്നുമുള്ള ചോദ്യങ്ങളാണ് അവര്‍ ചോദിച്ചത്. അറിയില്ലെന്നു മറുപടി പറഞ്ഞപ്പോള്‍ എന്നെ കള്ളിയാക്കി. രണ്ട് വനിതാ പോലിസുകാര്‍ കിടപ്പുമുറിയിലടക്കം ഉണ്ടായിരുന്നു. ഇതോടെ പ്രാര്‍ഥിക്കുന്നതു നിര്‍ത്തേണ്ടിവരികയും ഇസ്‌ലാം മതം പിന്തുടരുന്നില്ലെന്നു മറ്റുള്ളവരുടെ മുന്നില്‍ അഭിനയിക്കേണ്ടി വന്നതായും ഡോ. ഹാദിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

RELATED STORIES

Share it
Top