മാതാപിതാക്കള്‍ക്ക് സംരക്ഷണം നല്‍കുന്ന ശുപാര്‍ശകള്‍

വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്ന മക്കള്‍ക്ക് തടവുശിക്ഷയുടെ കാലാവധി വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുവെന്നത് സ്വാഗതാര്‍ഹമാണ്. ഇപ്പോള്‍ മൂന്നു മാസമാണ് ഇവര്‍ക്കുള്ള ശിക്ഷ; അത് ആറു മാസമാക്കും. 2007ലെ മെയിന്റനന്‍സ് ആന്റ് വെല്‍ഫെയര്‍ ഓഫ് പാരന്റ്‌സ് ആന്റ് സീനിയര്‍ സിറ്റിസണ്‍സ് ആക്റ്റ് ഭേദഗതി ചെയ്താണ് ശിക്ഷാ കാലാവധി വര്‍ധിപ്പിക്കുക. മക്കള്‍ എന്ന നിര്‍വചനത്തില്‍ ജാമാതാക്കളെയും പുത്രഭാര്യമാരെയും ദത്തുപുത്രന്‍മാരെയും ഉള്‍പ്പെടുത്താനും ആവശ്യമെങ്കില്‍ മക്കള്‍ക്കു നല്‍കിയ സ്വത്ത് തിരിച്ചുപിടിക്കാനും നിര്‍ദേശമുണ്ട്.
ആധുനികവല്‍ക്കരണം വ്യാപകമാവുകയും ന്യൂക്ലിയര്‍ കുടുംബങ്ങളുടെ എണ്ണം കൂടുകയും ചെയ്തതോടെ വയോജനങ്ങള്‍ നേരിടുന്ന പീഡനങ്ങള്‍ വര്‍ധിച്ചുവരുകയാണ്. പോറ്റിവളര്‍ത്തി വലുതാക്കിയ മക്കള്‍ വാര്‍ധക്യകാലത്ത് തിരിഞ്ഞുപോലും നോക്കാത്ത അവസ്ഥ വയോധികരായ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം അചിന്ത്യവും അസഹനീയവുമാണ്. തങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പരിഗണനയും പരിചരണവും ലഭിക്കേണ്ട കാലത്ത് അവരോട് യാതൊരു കരുതലും പുലര്‍ത്താതെ നിര്‍ദാക്ഷിണ്യം പെരുമാറുന്ന മക്കള്‍ക്ക് എന്തു ശിക്ഷ നല്‍കിയാലാണു മതിയാവുക. നമ്മുടെ നന്മകളെല്ലാം വറ്റിവരണ്ടുപോവുകയാണോ എന്ന് ആഴത്തില്‍ ആത്മപരിശോധന നടത്തേണ്ട സമയമാണിത്.
സമ്പത്തുണ്ടായിട്ടും വയസ്സുകാലത്ത് മക്കള്‍ ശുശ്രൂഷിക്കാന്‍ കൂട്ടാക്കാത്തതു മൂലം പുഴുവരിച്ചു മരിച്ച വൃദ്ധമാതാപിതാക്കളുടെ ദുരനുഭവങ്ങള്‍ പലപ്പോഴും ചോദ്യചിഹ്നമായി നമ്മുടെ മുമ്പില്‍ ഉയരാറുണ്ട്. സ്വത്ത് കൈക്കലാക്കി മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കളെക്കുറിച്ച വാര്‍ത്തകളും ദിനേനയെന്നോണം നാം വായിക്കുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിനു മുമ്പില്‍ നടതള്ളപ്പെടുന്ന അമ്മമാരുടെ കദനകഥകള്‍ പലകുറി പത്രത്താളുകളില്‍ അച്ചടിച്ചുവന്നു. ഉത്തരേന്ത്യയിലാവട്ടെ ഇത്തരം സംഭവങ്ങള്‍ ദിനേന വര്‍ധിച്ചുവരുന്നതിനാല്‍ അവയ്ക്ക് വാര്‍ത്താമൂല്യംപോലും നഷ്ടപ്പെട്ടുപോയി. തീര്‍ത്ഥാടനകേന്ദ്രങ്ങളിലും ആശ്രമങ്ങളിലും ഉപേക്ഷിക്കപ്പെടുന്നവരുടെ എണ്ണം കണ്ടമാനം വര്‍ധിക്കുന്നു.
അഗതിമന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും സര്‍ക്കാര്‍ ആശുപത്രികളുടെ വരാന്തകളിലും വിധിയെ പഴിച്ച് വേദന തിന്നുന്ന വൃദ്ധജീവിതങ്ങള്‍ ഒട്ടനവധിയാണ്. അവരുടെ മുഖങ്ങളിലെ ദൈന്യതയും നെടുവീര്‍പ്പുകളുടെ ചൂടും നമ്മുടെ തലമുറയുടെ മനുഷ്യത്വരാഹിത്യത്തിനു നേരെയാണു വിരല്‍ചൂണ്ടുന്നത്. മക്കളോടൊപ്പം വീടുകളില്‍ കഴിയുമ്പോള്‍ പോലും മക്കളുടെയോ പേരക്കുട്ടികളുടെയോ സൗഹൃദവും സാമീപ്യവും ലഭിക്കാത്ത വയോജനങ്ങളും വിരളമല്ല. നിയമംകൊണ്ടു മാത്രം ഈ ദുരിതങ്ങള്‍ അവസാനിപ്പിക്കുക സാധ്യമല്ല. എന്നാല്‍, വെറും ഉപദേശിപ്രസംഗംകൊണ്ടു മാത്രം നിഷ്ഠുരരായ സന്താനങ്ങള്‍ മാതാപിതാക്കളെ സംരക്ഷിക്കുമെന്നും കരുതിക്കൂടാ. അതുകൊണ്ടാണ് സാമൂഹികനീതി മന്ത്രാലയം കൊണ്ടുവരുന്ന ഭേദഗതികള്‍ പ്രസക്തമാവുന്നത്.

RELATED STORIES

Share it
Top