മാതാപിതാക്കള്‍ക്കൊപ്പം സമരം ചെയ്തിരുന്ന കുട്ടികളെ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റി

പത്തനംതിട്ട: പത്തനംതിട്ട കലക്ടറേറ്റിന് മുന്നില്‍ മാതാപിതാക്കള്‍ക്കൊപ്പം സമരം നടത്തി വന്ന കുട്ടികളെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്്ഷന്‍ യൂനിറ്റിലെചൈല്‍ഡ് റെസ്‌ക്യു ഓഫിസര്‍മാര്‍ പോലിസിന്റ സഹായത്തോടെ സിഡബ്ല്യുസി മുമ്പാകെ ഹാജരാക്കി. ഇവരെ പിന്നീട് ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റി. അഞ്ച്, ഒമ്പത് വയസുള്ള രണ്ട് പെണ്‍കുട്ടികളെയും 11 വയസുള്ള ആണ്‍കുട്ടിയെയും ഒരാഴ്ചയായി സ്‌കൂളിലേക്ക് അയക്കാതെ പകലും രാത്രിയിലും രക്ഷിതാക്കളോടൊപ്പം സമര പന്തലില്‍ കഴിയുകയായിരുന്നു. മതിയായ ഭക്ഷണം ലഭിക്കാതെ ചൂടും പൊടിയും നിറഞ്ഞ സാഹചര്യത്തിലായിരുന്നു കുട്ടികള്‍ കഴിഞ്ഞ് വന്നിരുന്നത്.
കുട്ടികളുടെ സംരക്ഷണം, തുടര്‍ പഠന കാര്യങ്ങളില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ ഒ അബീന്‍ അറിയിച്ചു. എസ്‌ഐ ഗീവര്‍ഗീസ്, വനിതാ സിവില്‍ പോലിസ് ഓഫിസര്‍മാരായ സുകുമാരി, പി ജി സുഷമ കൊച്ചുമ്മന്‍ സംഘത്തിലുണ്ടായിരുന്നു.
എലിമുള്ളുംപ്ലാക്കല്‍ സ്വദേശിയായ സതീശനും കുടുബവുമാണ് ചെങ്ങറ സമരഭൂമിയില്‍ പ്രവേശനം നിഷേധിച്ചെന്ന് ആരോപിച്ച് കലക്ടറേറ്റിന് മുന്നില്‍ ടാര്‍പ്പാളിന്‍ കെട്ടി താമസിച്ച് സമരം തുടരുന്നത്.

RELATED STORIES

Share it
Top