മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കില്‍ കര്‍ശന നടപടി: വനിതാ കമ്മീഷന്‍

ആലപ്പുഴ: പ്രായമേറിയ മാതാപിതാക്കളെ മക്കള്‍ സംരക്ഷിക്കാത്ത കേസുകള്‍ ഗൗരവമായാണ് പരിഗണിക്കുന്നതെന്നും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും വനിതാ കമ്മീഷന്‍. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന മെഗാ അദാലത്തില്‍ ചേര്‍ത്തല താലൂക്കിലുള്ള അറുപത്തിയേഴുകാരിയെ മകന്‍ സംരക്ഷിക്കുന്നില്ലെന്ന പരാതിയില്‍ തഹസില്‍ദാരുടെ റിപോര്‍ട്ട് ആവശ്യപ്പെട്ടാണ് കമ്മീഷന്‍ അംഗങ്ങളായ അഡ്വ. എംഎസ് താര, ഷാഹിദ കമാല്‍ എന്നിവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സ്വത്ത് കൈക്കലാക്കിയ ശേഷം മാതാപിതാക്കളെ സംരക്ഷിക്കാത്ത കേസുകള്‍ നിരവധിയുണ്ട്. ഇത്തരം കേസുകളില്‍ സ്വത്ത് തിരികെ ലഭിക്കുന്നതടക്കമുള്ള നിയമനടപടികളാണ് കമ്മീഷന്‍ സ്വീകരിക്കുക. ഭര്‍തൃവീട്ടില്‍ താമസിക്കുന്നതിന് കോടതിയുടെ പ്രൊട്ടക്ഷന്‍, റസിഡന്‍ഷ്യല്‍ ഉത്തരവുകള്‍ ലഭിച്ചിട്ടും ഉപദ്രവമേറ്റെന്ന യുവതിയുടെ പരാതിയില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലിസിന് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ആറ്റിങ്ങല്‍ ഡിവൈഎസ്പിയോട് റിപോര്‍ട്ട് തേടി. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ഗള്‍ഫിലുള്ള ഭര്‍ത്താവ് തലാഖ് ചൊല്ലിയതായി കാട്ടി യുവതി നല്‍കിയ പരാതിയില്‍ കേസെടുക്കുന്നതിനും സൗജന്യനിയമസഹായം നല്‍കുന്നതിനും വനിത പ്രൊട്ടക്ഷന്‍ ഓഫിസറെ കമ്മീഷന്‍ ചുമതലപ്പെടുത്തി. നിയമപരമായ എല്ലാ സഹായവും യുവതിക്ക് ലഭ്യമാക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. 10ാംക്ലാസ് വിദ്യാര്‍ഥിയില്‍നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കെതിരേ പിറ്റിഎ നല്‍കിയ പരാതി വ്യാജമാണെന്ന് ആരോപിച്ച് അധ്യാപകര്‍ കമ്മീഷനെ സമീപിച്ചു. പിറ്റിഎ., സ്‌കൂള്‍ പ്രിന്‍സിപ്പല്‍, വാര്‍ഡംഗം എന്നിവരില്‍നിന്ന് വിശദീകരണം കേള്‍ക്കാന്‍ കേസ് അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. രണ്ടു പുതിയ പരാതികളടക്കം 87 കേസുകളാണ് സിറ്റിങ്ങില്‍ പരിഗണിച്ചത്. ഇതില്‍ 20 കേസ് തീര്‍പ്പാക്കി. 34 കേസ് അടുത്ത സിറ്റിങിലേക്ക് മാറ്റി.

RELATED STORIES

Share it
Top