മാണി ബന്ധം: സിപിഎമ്മിന്റേത് അവസരവാദം- ഡീന്‍ കുര്യാക്കോസ്‌കണ്ണൂര്‍: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസുമായി ഉണ്ടാക്കിയ കൂട്ടുകെട്ട് സംബന്ധിച്ച് സിപിഎം നേതൃത്വം നയം വ്യക്തമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിപിഎമ്മിന്റേത് അവസരവാദ നയമാണ്. വ്യക്തമായ ലക്ഷ്യത്തോടെയാണ് സിപിഎം കൂട്ടുകെട്ടുണ്ടാക്കിയത്. കേരളാ കോണ്‍ഗ്രസ്സുമായി ചില നീക്കുപോക്കുകള്‍ നടത്തിയിട്ടുണ്ട്. കെ എം മാണിക്കെതിരായ ബാര്‍കോഴ കേസ് ഉള്‍പ്പെടെയുള്ളവ ഒത്തുതീര്‍പ്പാക്കാന്‍ ധാരണയായതായി സംശയമുണ്ട്. വിജിലന്‍സ് ഡയരക്ടറായിരുന്ന ജേക്കബ് തോമസിനെ പോലും മാറ്റിയത് മാണിയെ രക്ഷിക്കാനാണ്. കഴിഞ്ഞ 5 വര്‍ഷം ഏറ്റവും വലിയ അഴിമതിക്കാരനെന്ന് പറഞ്ഞ് വേട്ടയാടിയ മാണിയെ അതേ സിപിഎമ്മാണ് ഇപ്പോള്‍ കൂട്ടുകെട്ടുണ്ടാക്കിയത്.അധികാരത്തിന്റെ അപ്പകഷ്ണം നുണയാനാണ് മാണി പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുന്നത്. യുഡിഎഫിനൊപ്പം നിന്ന് നേടിയെടുത്ത സ്ഥാനമാനങ്ങള്‍ രാഷ്ട്രീയ ധാര്‍മികതയുണ്ടെങ്കില്‍ രാജിവച്ച് ഒഴിയണം. യുഡിഎഫ് വിട്ട മാണിയെ കൂടെകൂട്ടാന്‍ ചില നേതാക്കള്‍ നടത്തിയ ശ്രമം മുന്നണിക്ക് ദോഷം ചെയ്തിട്ടുണ്ട്. ഇനിയൊരിക്കലും കേരള കോണ്‍ഗ്രസിനെ മുന്നണിയുടെ ഭാഗമാക്കരുതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി, ജോഷി കണ്ടത്തില്‍, എസ് എം ബാലു പങ്കെടുത്തു.

RELATED STORIES

Share it
Top