മാണി ഇപ്പോഴും അഴിമതിക്കാരന്‍; എല്‍ഡിഎഫിലെടുക്കേണ്ട സാഹചര്യമില്ല

കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി ഇപ്പോഴും അഴിമതിക്കാരന്‍തന്നെയാണെന്നും കളങ്കിതനായ വ്യക്തിയെ എല്‍ഡിഎഫിലെടുക്കേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നും സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍. മാണി കുറ്റക്കാരനല്ലെന്നതു സംബന്ധിച്ച അന്വേഷണ റിപോര്‍ട്ടും കോടതി നടപടികളും സാങ്കേതികം മാത്രമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കെ എം മാണിക്കെതിരായ അഴിമതി അക്കമിട്ടു നിരത്തിയാണ് എല്‍ഡിഎഫ് സമരം ചെയ്തത്. മാണി നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാനെത്തിയപ്പോഴുണ്ടായ കോലാഹലങ്ങള്‍ എല്ലാവരും കണ്ടതാണ്. മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന മെഷീന്‍വരെയുണ്ടെന്ന് പ്രസംഗിച്ചു. സമരവുമായി ബന്ധപ്പെട്ട് വനിതകള്‍ അടക്കമുള്ള എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പലരും കേസില്‍ പ്രതികളാണ്. അന്ന് നടത്തിയ അഴിമതിവിരുദ്ധ സമരത്തിന്റെ ഫലമാണ് ഇന്നത്തെ പിണറായി സര്‍ക്കാര്‍. ഒന്നരവര്‍ഷത്തിനുശേഷം ആ സാഹചര്യത്തില്‍ യാതൊരു മാറ്റവുമുണ്ടായിട്ടില്ല. അതുകൊണ്ടാണ് മാണിയെ എല്‍ഡിഎഫില്‍ കൊണ്ടുവരുന്നതിനെ തങ്ങള്‍ എതിര്‍ക്കുന്നത്. അഴിമതിയുടെ കാര്യത്തില്‍ കൃത്യമായ നിലപാടുള്ള മുന്നണിയാണ് എല്‍ഡിഎഫ്. ആരെയും ചേര്‍ക്കുന്ന മുന്നണിയല്ലിത്. തിരഞ്ഞെടുപ്പിനു മുമ്പ് പലതും ജനങ്ങളോട് പറഞ്ഞതാണ്. അതില്‍നിന്ന് മാറിചിന്തിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മും സിപിഐയും രണ്ടു പാര്‍ട്ടികളാണ്. അവര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളുമുണ്ട്. 1964ലാണ് പാര്‍ട്ടി പിളരുന്നത്. അതിനുശേഷം എല്ലാ കാര്യത്തിലും യോജിച്ചുകൊള്ളാമെന്ന കരാറിലല്ല പ്രവര്‍ത്തിക്കുന്നത്. യോജിക്കേണ്ട കാര്യത്തില്‍ യോജിക്കും, അല്ലാത്തപ്പോള്‍ പറയേണ്ടത് പറയും. സിപിഎമ്മിന്റെ സഹായംകൊണ്ടല്ല സിപിഐ പ്രവര്‍ത്തിക്കുന്നത്. അത് പ്രതീക്ഷിക്കുന്നുമില്ല. അതേസമയം, അവരുമായി തങ്ങള്‍ക്ക് ശത്രുതയൊന്നുമില്ല. സിപിഐയുടേത് മാത്രമല്ല, എല്ലാ വകുപ്പുകളിലും അഴിമതിയുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. ഉദ്യോഗസ്ഥതലത്തിലാണ് അഴിമതിയുള്ളത്. ഇക്കാര്യത്തില്‍ എല്‍ഡിഎഫ് ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് സി കെ ശശിധരന്‍ കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top