മാണിയെ എല്‍ഡിഎഫിലേക്ക് വരാന്‍ അനുവദിക്കില്ല : മാണിക്കെതിരേ നിലപാട് കടുപ്പിച്ച് കെ പി രാജേന്ദ്രനുംകോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു പിന്നാലെ കേരളാ കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ എം മാണിക്കെതിരേ നിലപാട് കടുപ്പിച്ച് സംസ്ഥാന കൗണ്‍സില്‍ അംഗം കെ പി രാജേന്ദ്രനും രംഗത്ത്. കെ എം മാണിയെ എല്‍ഡിഎഫിലേക്കു വരാന്‍ അനുവദിക്കുന്ന പ്രശ്‌നമില്ലെന്ന് കെ പി രാജേന്ദ്രന്‍ വ്യക്തമാക്കി. കോട്ടയത്ത് കെജിഒഎഫ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് കെ എം മാണിയെ എല്‍ഡിഎഫിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങളെ ശക്തമായി എതിര്‍ത്തത്. കെ എം മാണിയെ ഏറ്റവും വലിയ അഴിമതിക്കാരനാണെന്ന് ജനം വിധിയെഴുതിയതാണ്. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു ലഭിച്ച ജനവിധിയും അതനുസരിച്ചായിരുന്നു. മാണിയെ എല്‍ഡിഎഫിലെടുക്കരുത് എന്നത് ജനങ്ങളുടെ അഭിപ്രായമാണ്. ഇതുപോലുള്ള ആളുകളെ കൂടെക്കൂട്ടിയല്ല എല്‍ഡിഎഫിന്റെ ബഹുജന അടിത്തറ വിപുലീകരിക്കേണ്ടത്. പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ നടപ്പാക്കിയാവണം എല്‍ഡിഎഫ് ശക്തമായ പ്രസ്ഥാനമായി ഉയര്‍ന്നുവരേണ്ടതെന്നും കെ പി രാജേന്ദ്രന്‍ വ്യക്തമാക്കി.  അധികാരത്തിലേറി മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ ജനാധിപത്യ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ട് ജനങ്ങളെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഇന്ത്യയുടെ പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം കേന്ദ്രം സ്വകാര്യ മേഖലയ്ക്ക് കൈമാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top