മാണിയെയും ജോസ് കെ മാണിയെയും ആക്രമിച്ച് നേതാക്കള്‍കോട്ടയം: കെ എം മാണിയുമായുള്ള രാഷ്ട്രീയബന്ധം അവസാനിപ്പിക്കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യപ്രഖ്യാപനമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. കോട്ടയം ഡിസിസി നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചതിയന്‍ ചന്തുപോലും ചെയ്യാത്ത ചതിയാണ് മാണിയും ജോസ് കെ മാണിയും ചെയ്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച് തന്റെ കൈപിടിച്ചാണ് ജോസ് കെ മാണി ഉറപ്പുനല്‍കിയത്. തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളില്‍ ഒരു മാറ്റവുമില്ലെന്ന് പറഞ്ഞ ഇ ജെ അഗസ്തി രാജിവച്ച് രാഷ്ട്രീയ അന്തസ്സ് കാണിച്ചു. കേരളാ കോണ്‍ഗ്രസ് രൂപം കൊണ്ടശേഷം കോണ്‍ഗ്രസ്സിന് തനിച്ചുമുന്നേറാന്‍ കിട്ടിയ ഏറ്റവും നല്ല അവസരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ എം മാണിക്കും ജോസ് കെ മാണിക്കും വേണ്ടി കോട്ടയം ജില്ലയിലെ കോണ്‍ഗ്രസ്സിനുണ്ടായത് വലിയ നഷ്ടങ്ങളാണെന്ന് മുന്‍ ഡിസിസി പ്രസിഡന്റ് കൂടിയായ കെ സി ജോസഫ് എംഎല്‍എ കുറ്റപ്പെടുത്തി. ജില്ലയിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ സീറ്റ് മൂന്നായി ചുരുങ്ങി. ജോസ് കെ മാണിക്ക് വേണ്ടി കോട്ടയം ലോക്‌സഭാ സീറ്റും കോണ്‍ഗ്രസ് വിട്ടുകൊടുത്തു. എന്നിട്ടും ഒരു രാഷ്ട്രീയപ്രസ്ഥാനത്തിനും സഹിക്കാനാവാത്ത വഞ്ചനയാണ് കെ എം മാണിയും മകനും കാണിച്ചത്. ഡിസിസി യോഗത്തിലെ വിമര്‍ശനത്തെക്കുറിച്ചാണ് അവര്‍ പരാതി പറഞ്ഞത്. ഡിസിസി യോഗങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ വിമര്‍ശനങ്ങളുണ്ടാവാറുണ്ട്. ഇതുപറഞ്ഞ് മുഖം രക്ഷിക്കാനാണ് കെ എം മാണി നോക്കുന്നതെന്നും കെ സി കൂട്ടിച്ചേര്‍ത്തു. അതിനിടെ, രൂക്ഷമായ വിമര്‍ശനത്തിനിടെ ‘മാണി സാര്‍ എന്ന വിളി മാണിയെന്നു തിരുത്തിയ കെ സി ജോസഫിന്റെ പ്രസംഗം യോഗം കൈയടികളോടെ സ്വീകരിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വികാരം പ്രകടിപ്പിച്ചത്. ബാര്‍കോഴ കേസില്‍ ആരോപണങ്ങളുടെ മുള്‍മുനയില്‍നിന്ന് കെ എം മാണിക്ക് വേണ്ടി ചാനലുകളില്‍ പോയി വാദിച്ച് ഏറ്റവുമധികം നാറിയത് താനാണെന്ന് കെപിസിസി വക്താവ് ജോസഫ് വാഴക്കന്‍ ചൂണ്ടിക്കാട്ടി. യുഡിഎഫ് അധികാരത്തില്‍ വന്നപ്പോഴെല്ലാം മാണിയുടെ അധികാരപരിധിയിലുള്ള സ്ഥലങ്ങളിലെല്ലാം കോണ്‍ഗ്രസ്സുകാര്‍ക്ക് നിരവധി പീഡനങ്ങളേല്‍ക്കേണ്ടിവന്നിട്ടുണ്ട്. മാണിയും കൂട്ടരും പോയാലും കോ ണ്‍ഗ്രസ്സിന്  ജില്ലയില്‍ ശക്തമായ നിലനില്‍പ്പുണ്ട്. അത് കോട്ടയത്തുതന്നെ വിവിധ സ്ഥലങ്ങളില്‍ തെളിഞ്ഞിട്ടുള്ളതാണ്. കോണ്‍ഗ്രസ് നേതൃത്വം ഇപ്പോഴെടുത്ത തീരുമാനങ്ങള്‍ ശക്തമായി പ്രവൃത്തിപഥത്തിലെത്തിക്കാന്‍കൂടി നടപടിയെടുക്കണമെന്നും വാഴക്കന്‍ ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top