മാണിയുടെ മലക്കം മറിച്ചില്‍ കേരളാ കോണ്‍ഗ്രസ്സിലെ പിളര്‍പ്പ് ഭയന്ന്‌കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പിന്തുണ സ്വീകരിച്ചതിനെതിരേ കേരളാ കോണ്‍ഗ്രസ്സി (എം)ല്‍ നിന്നുതന്നെ കടുത്ത എതിര്‍പ്പുയര്‍ന്നതിനെത്തുടര്‍ന്നാണ് ചെയര്‍മാന്‍ കെ എം മാണി നിലപാട് മയപ്പെടുത്തി രംഗത്തെത്തിയതെന്നു വിലയിരുത്തല്‍. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയവിവാദങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ തന്റെ മുന്‍നിലപാടുകളില്‍നിന്ന് അദ്ദേഹം മലക്കംമറിയുകയാണുണ്ടായത്. കോട്ടയത്തേതു പ്രാദേശികമായ നീക്കുപോക്കുമാത്രമാണെന്നായിരുന്നു കെ എം മാണിയുടെ പ്രതികരണം. എന്നാല്‍, സിപിഎമ്മുമായുണ്ടാക്കിയ സഖ്യത്തിനെതിരേ മാണി ഗ്രൂപ്പില്‍ നിന്നും ജോസഫ് വിഭാഗത്തില്‍ നിന്നും രൂക്ഷമായ അതൃപ്തി ഉയര്‍ന്ന പശ്ചാത്തലത്തില്‍ വീണ്ടുമൊരു പിളര്‍പ്പിനുള്ള സാധ്യത ഒഴിവാക്കുകയായിരുന്നു കെ എം മാണിയുടെ ലക്ഷ്യം. മാണിയുടെ വിശ്വസ്തരും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും മാണിയുടെ നിലപാടിനെ തള്ളിപ്പറഞ്ഞു രംഗത്തെത്തിയിരുന്നു. പുതിയ കൂട്ടുകെട്ടില്‍ പ്രതിഷേധിച്ച് കേരളാ കോണ്‍ഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് ഇ ജെ ആഗസ്തി രാജിക്കത്ത് നല്‍കിയത് മാണിയെ സമ്മര്‍ദത്തിലാക്കി. കെ എം മാണിയുടെ വിശ്വസ്തനാണ് ഇ ജെ ആഗസ്തി. മാണിയുടെ നിര്‍ദേശപ്രകാരമാണു കോട്ടയം ജില്ലാ പഞ്ചായത്തില്‍ സിപിഎമ്മുമായി കൂട്ടുകൂടിയതെന്നായിരുന്നു ഇ ജെ ആഗസ്തിയുടെ തുറന്നുപറച്ചില്‍. ഇതിനു പിന്നാലെയാണു ഭിന്നത പരസ്യമാക്കി പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫും രംഗത്തെത്തിയത്. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെയാണ് ധാരണയെന്ന് ജോസഫ് ഗ്രൂപ്പിലെ മോന്‍സ് ജോസഫും നേരത്തെ പ്രതികരിച്ചിരുന്നു. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലാ പ്രസിഡന്റുമാരും ഇടതുസഹകരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ചു. കൂടുതല്‍ നേതാക്കള്‍ എതിര്‍പ്പുയര്‍ത്തി പരസ്യമായി രംഗത്തെത്തിയേക്കുമെന്നും മാണി ഭയപ്പെട്ടു. ഇതൊക്കെ കണക്കിലെടുത്താണ് ഇടതുമായി അടുക്കാനുള്ള നീക്കത്തില്‍ നിന്നു മാണി തല്‍ക്കാലം പിന്‍വാങ്ങിയത്.

RELATED STORIES

Share it
Top