മാണിയുടെ കാലുമാറ്റം നിര്‍ഭാഗ്യകരം;യുഡിഎഫ് മാന്യത വിട്ട് പെരുമാറിയിട്ടില്ല:ഉമ്മന്‍ ചാണ്ടിതിരുവനന്തപുരം: കോട്ടയം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിന്തുണ സ്വീകരിച്ച കെഎം മാണിക്കും കേരള കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫ് മാന്യത വിട്ട് പെരുമാറിയിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലെ ധാരണകളെല്ലാം തെറ്റിച്ച കെഎം മാണിയുടെ കാലുമാറ്റംനിര്‍ഭാഗ്യകരമാണ്. രാഷ്ട്രീയമായി നടത്തിയ കടുത്ത വഞ്ചനയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. മാണിയുടെ ഈ നടപടി ജനാധിപത്യ കേരളം അംഗീകരിക്കില്ല. നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ച് അപമാനിക്കാന്‍ ശ്രമിച്ച ഇടതുപക്ഷവുമായി ഒരു ധാരണയിലെത്താന്‍ അദ്ദേഹത്തിന്  മണിക്കൂറുകള്‍ പോലും വേണ്ടിവന്നില്ല എന്നതാണ് ഏറെ വിഷമിപ്പിക്കുന്നതെന്നും കെഎം മാണി യുഡിഎഫ് വിട്ടുപോയത് മതിയായ കാരണങ്ങളുണ്ടായിട്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മാണിക്കെതിരെ നിരന്തരം അഴിമതി ആരോപണങ്ങളുന്നയിച്ചി സിപിഎം അദ്ദേഹത്തെ പിന്തുണക്കാന്‍ തീരുമാനിച്ചതില്‍ വിഎസ് അച്യുതാനന്ദന്റെ അഭിപ്രായമറിയാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാണി നടത്തിയത് അവസരവാദപരമായ നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. രാഷ്ട്രീയ കുതിരക്കച്ചവടമാണ് കേരള കോണ്‍ഗ്രസ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top