മാണിപ്പന്തു കളി, ഡല്‍ഹി എഡിഷന്‍

നാട്ടുകാര്യം -  കുന്നത്തൂര്‍  രാധാകൃഷ്ണന്‍
മാണിയെ ഇടതുമുന്നണിയില്‍ കൂട്ടണോ വേണ്ടയോ എന്ന തര്‍ക്കം അണ്ടിയോ മാങ്ങയോ മൂത്തത് എന്ന ചോദ്യംപോലെ ഒരു സമസ്യയായി തുടരുന്നത് എന്തുകൊണ്ട്? ഈ ചോദ്യത്തിന് ഉത്തരം തേടി മാധ്യമപ്രവര്‍ത്തകനും മഹാ വില്ലാളിവീരനുമായ കോരന്‍ ഒരുപാട് സഞ്ചരിച്ചുകഴിഞ്ഞു.
അഴിമതിവീരനായ മാണിയെ കൂട്ടിയാല്‍ ഇടതുമുന്നണിയുടെ പ്രതിച്ഛായ തകരുമെന്ന് സിപിഐ നേതാവ് കാനം രാജേന്ദ്രനെ പോലെ മറ്റാരും മനസ്സിലാക്കിയിട്ടില്ല. വല്യേട്ടനായ സിപിഎമ്മുകാര്‍ക്ക് ഇക്കാര്യം ബോധ്യപ്പെടാത്തത് കഷ്ടം തന്നെ. ബാര്‍ കോഴ, ബാര്‍ബാര്‍ ദേഖോ, മാണി ഹഠാവോ തുടങ്ങിയ ആപ്തവാക്യങ്ങള്‍ എകെജി ഭവനു മുന്നില്‍ നിന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞിട്ടും കോടിയേരിക്കും സംഘത്തിനും കുലുക്കമില്ല.
കാനത്തിന്റെയും സിപിഐയുടെയും ശാഠ്യത്തിനു പിന്നിലെ ഗുട്ടന്‍സ് കുറേയൊക്കെ കോരന് പിടികിട്ടിയിട്ടുണ്ട്. ഇടതുമുന്നണിയില്‍ വല്യേട്ടന്‍ കഴിഞ്ഞാല്‍ രണ്ടാംസ്ഥാനം ചെറിയേട്ടനായ സിപിഐക്കാണ്. മാണി വന്നു കയറിയാല്‍ മ്മള് മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെടും. സിപിഐക്ക് മുന്നില്‍ മാണി രണ്ടാമത്തെ വലിയ വിപ്ലവകാരിയായി മാറുമ്പോള്‍ മാര്‍ക്‌സിസം ലെനിനിസത്തിന്റെ അന്തസ്സത്ത തന്നെ ചോര്‍ന്നുപോവും. അത് ആഗോള വിപ്ലവത്തിന് വരുത്തിവയ്ക്കുന്ന നാശവും ക്ഷയവും എത്രയായിരിക്കും പടച്ചോനെ, സോറി സഖാവേ?
കാനം അങ്ങനെ വിശുദ്ധനാവേണ്ട എന്നൊക്കെ പറഞ്ഞ് മാണി കണക്കിനു കൊടുത്തിട്ടുണ്ട്. മന്ത്രിപ്പണിയൊന്നുമില്ലാത്തതിനാല്‍ നാല് കാച്ചുകാച്ചാന്‍ മാണിക്ക് ഇടംവലം നോക്കേണ്ടതില്ല. ആഞ്ഞു വെട്ടിക്കളയും ആശാന്‍. സംഗതി അങ്ങനെ വാള്‍ട്ട് ഡിസ്‌നിയുടെ മിക്കിമൗസ് ചിത്രം പോലെ രസകരമായി മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് ചെങ്ങന്നൂരിലെ ചിന്നമാമാങ്കം പ്രഖ്യാപിച്ചത്. അവിടെ ആര്യബ്രാഹ്മണ പശുവാദസംഘം തടിച്ചുവരുന്നുണ്ട്. ത്രിപുരയിലെ ചെങ്കോട്ട തകര്‍ത്ത് ആവേശഭരിതരായിട്ടാണ് അവന്മാരുടെ വരവ്. അതിനു തടയിടണം. ത്രിപുരയില്‍ സംഭവിച്ചതുപോലെ അവിടെ കോണ്‍ഗ്രസ് മൊത്തത്തില്‍ പശുവാദസംഘമായാല്‍ സംഗതി കിണാപ്പിലാവും. ഭാഗ്യവശാല്‍ ശോഭന ജോര്‍ജ് എന്ന ആളുകള്‍ മറന്നുതുടങ്ങിയ ഒരു മഹാകോണ്‍ഗ്രസ് നേതാവ് മ്മളെ പക്ഷത്തുണ്ട്. കോണ്‍ഗ്രസ് വോട്ടിന്റെ നല്ലൊരു പങ്ക് ആ പെണ്ണുംപിള്ള വഴി മ്മളെ പെട്ടിയിലെത്തും. കാനത്തിന് അതിലൊന്നും എതിര്‍പ്പില്ല. പാലാക്കാരനായ മാണിക്ക് ചെങ്ങന്നൂരില്‍ ഒരു പിണ്ണാക്കുമില്ല എന്നു കാനം തൊള്ളതുറന്നു പറഞ്ഞിട്ടുണ്ട്. ഇനിയും അതു പറയുകയും ചെയ്യും. ചെറിയേട്ടന്മാരെ തീരെ ചെറുതാക്കാനുള്ള വല്യേട്ടന്റെ ബുദ്ധി അതിരുകടന്നാല്‍ മുന്നണി വേറെയുണ്ടെന്ന കാര്യം മറക്കരുത്.
സിപിഐ ഇപ്രകാരവും സിപിഎം മറുപ്രകാരവും ചിന്തിച്ച് തലപിണ്ണാക്കാക്കിക്കൊണ്ടിരിക്കെയാണ് ഓര്‍ക്കാപ്പുറത്ത് പന്ത് ഇന്ദ്രപ്രസ്ഥത്തില്‍ പതിച്ചത്. ഡല്‍ഹിയിലെ വല്യേട്ടന്‍-ചെറിയേട്ടന്‍ ഹൈക്കമാന്‍ഡ് സംവാദം ഒളികാമറാ ഓപറേഷന്‍ വഴി കോരന്‍ പകര്‍ത്തിയിട്ടുണ്ട്. അതിന്റെ തല്‍സമയ ദൃശ്യങ്ങള്‍ വേണമെങ്കില്‍ ആസ്വദിച്ചുകൊള്ളുക.
വല്യേട്ടന്‍: ചെങ്ങന്നൂരില്‍ പശുവാദികളുടെ ഹുങ്കാരം വര്‍ധിച്ചുവരുന്നുണ്ട്. അപ്പോള്‍ എന്താണു നമ്മുടെ അടിയന്തര കടമ?
ചെറിയേട്ടന്‍: വാമപക്ഷ മുന്നണി ശക്തം തന്നെയാണ്. ലെനിനിസ്റ്റ് ബാലപാഠങ്ങള്‍ വല്യേട്ടന്‍ ഒന്നുകൂടി വായിക്കണമെന്ന് അപേക്ഷിക്കുന്നു.
വല്യേട്ടന്‍: വളച്ചുകെട്ടില്ലാതെ പറയാം. ചെങ്ങന്നൂരില്‍ മാണിയുടെ തോളില്‍ കൈയിട്ടാല്‍ വില തുച്ഛവും ഗുണം മെച്ചവുമാവും. ശെയ്ത്താന്റെ നാട്ടിലെ അന്റെ കൂട്ടക്കാര് അതിനു സമ്മതിക്കുന്നില്ല.
ചെറിയേട്ടന്‍: ബാര്‍ കോഴയും നിയമസഭയിലെ കുമ്മിയടിയും വല്യേട്ടന്‍ മറന്നുപോയോ?
വല്യേട്ടന്‍: അതൊക്കെ ജനാധിപത്യത്തിന്റെ ഭാഗമാണ്. നിയമസഭയുണ്ടെങ്കില്‍ തല്ലും അടിയും പിടിയും മന്ത്രവാദവുമുണ്ടാവും. ഇപ്പോഴത്തെ പ്രശ്‌നം അതല്ല. പശുവാദ ഭീഷണിയാണു ഞാന്‍ പറഞ്ഞുവരുന്നത്.
ചെറിയേട്ടന്‍: ശരിയാണ്. പശുവാദികള്‍ മാണിയെ റാഞ്ചിയാല്‍ ത്രിപുരയുടെ ആവര്‍ത്തനം സംഭവിച്ചുകൂടായ്കയില്ല.
വല്യേട്ടന്‍: ഇപ്പോഴാണ് ബലാലെ ഇയ്യ് അസ്സല്‍ ചെറിയേട്ടനായത്. അതിനാല്‍ പന്ത് മ്മക്ക് കേരളത്തിലേക്കു തന്നെ തട്ടാം.
ചെറിയേട്ടന്‍: ചെങ്ങന്നൂരില്‍ മാണിയെ സഹകരിപ്പിക്കാം. എന്നാല്‍, വാമപക്ഷ മുന്നണിയിലെ കസേരയിലിരുത്തരുത്. അങ്ങനെ സംഭവിച്ചാല്‍ കാനം പിണങ്ങും. കാനം പിണങ്ങിയാല്‍ ഞാനും പിണങ്ങും. വിപ്ലവവും പിണങ്ങും.
വല്യേട്ടന്‍: അപ്പോള്‍ ഈ കളിക്ക് എന്തു പേരിടണം?
ചെറിയേട്ടന്‍: മാണിപ്പന്തുകളി എന്നു ചരിത്രത്തില്‍ ഇടംപിടിക്കുന്നതാവില്ലേ മാര്‍ക്‌സിസത്തിന്റെ ഭാവിക്കു നല്ലത്.
വല്യേട്ടന്‍: ബലേ ഭേഷ്!                        ി

RELATED STORIES

Share it
Top