'മാണിക്യമലര്‍' ഗാനത്തിന്റെ അറബി ആവിഷ്‌കാരവും വൈറലാവുന്നു

കോഴിക്കോട്: ലക്ഷക്കണക്കിനാളുകളുടെ മനം കവര്‍ന്ന മാണിക്യമലരായ പൂവി എന്ന ഗാനത്തിന്റെ അറബി ആവിഷ്‌കാരവും വൈറലായി മാറുന്നു. വാണിമേല്‍ സ്വദേശിയും കേരളത്തിലെ അറിയപ്പെടുന്ന അറബി കവിയുമായ കുന്നത്ത് മൊയ്തുമാസ്റ്ററാണ് ഇതിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ശിഷ്യയും വാണിമേല്‍ എംയുപി സ്‌കൂള്‍ വിദ്യാര്‍ഥിനിയുമായ ദിയാ ശരീഫും പിതാവ് ശരീഫ് നരിപ്പറ്റയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഇശല്‍വാണി വാണിമേല്‍ വാട്‌സ്ആപ്പ് ഗ്രൂപ്പാണ് അഞ്ചുദിവസം മുമ്പ് ഗാനം പുറത്തിറക്കിയത്. ഇതിനകം തന്നെ യുട്യൂബിലും ഫേസ്ബുക്കിലുമായി ആയിരക്കണക്കിനാളുകള്‍ പാട്ട് കണ്ടുകഴിഞ്ഞു. മാണിക്യമലര്‍ എന്ന ഗാനം അറബിയിലേക്കു മൊഴിമാറ്റം ചെയ്തതിലെ ലാളിത്യവും കാവ്യഗുണവും ആലാപനസൗന്ദര്യവുമാണ് ഗാനത്തിന് ആസ്വാദകരില്‍ കൂടുതല്‍ സ്വീകാര്യത നേടിക്കൊടുത്തത്.
സംസ്ഥാന യുവജനോല്‍സവങ്ങളില്‍ ഒന്നാംസ്ഥാനം നേടിയ നിരവധി അറബി കവിതകളുടെയും ഗാനങ്ങളുടെയും രചയിതാവുകൂടിയാണ് മൊയ്തുമാസ്റ്റര്‍. ഇതിനകം തന്നെ വിവിധ വേദികളില്‍ ഗാനങ്ങള്‍ അവതരിപ്പിച്ച ദിയ ആലപിച്ച 'മണ്ണില്‍ നാം' എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രശസ്ത ഗായിക ഡോ. സിദ്‌റത്തുല്‍ മുന്‍തഹ ആലപിച്ച, മാണിക്യമലര്‍ എന്ന ഗാനത്തിന്റെ ഉര്‍ദു ആവിഷ്‌കാരത്തിനും സാമൂഹികമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണു ലഭിച്ചത്.

RELATED STORIES

Share it
Top