മാണിക്കെതിരേ നീങ്ങിയാല്‍ ബാറുകള്‍ തുറക്കാമെന്നു സിപിഎം ഉറപ്പുനല്‍കി

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ വിവാദ വെളിപ്പെടുത്തലുമായി ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ്. കെ എം മാണിക്കെതിരേ കേസ് നടത്തിയാല്‍ ഭരണത്തിലെത്തുമ്പോള്‍ പൂട്ടിയ ബാറുകള്‍ തുറന്നു നല്‍കാമെന്നു സിപിഎം നേതൃത്വം വാഗ്ദാനം നല്‍കിയിരുന്നുവെന്നാണു ബിജു രമേശിന്റെ തുറന്നുപറച്ചില്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ടാണു തനിക്ക് ഉറപ്പുനല്‍കിയത്. ഇതില്‍ വിശ്വസിച്ചാണു മുന്നോട്ടുപോയത്. വി എസ് അച്യുതാനന്ദനെയും വൈക്കം വിശ്വനെയും കണ്ടിരുന്നു. സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അവരോട് ബോധ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ എല്‍ഡിഎഫ് നിലപാടു മാറ്റിയെന്നും ബിജു രമേശ് തുറന്നടിച്ചു. ഇപ്പോള്‍ കേസ് ഒത്തുതീര്‍ക്കാന്‍ മാണിയും എല്‍ഡിഎഫ് സര്‍ക്കാരും ഒത്തുകളിക്കുന്നുവെന്നു സംശയിക്കുന്നുണ്ട്. മാണിയെ മുന്നണിയിലെടുക്കാനുള്ള നീക്കം ഇക്കാര്യമാണു ചൂണ്ടിക്കാട്ടുന്നത്. തെളിവു ലഭിച്ചില്ലെന്ന് പറഞ്ഞ് ബാര്‍ കോഴക്കേസ് അവസാനിപ്പിക്കുന്നത് ഉന്നത തലത്തില്‍ ആലോചിച്ച് ഉറപ്പിച്ച കള്ളക്കളിയാണ്. കേസ് ഒഴിവാക്കി കെ എം മാണിയെ വെള്ളപൂശാന്‍ തയ്യാറാവുന്ന എല്‍ഡിഎഫ് വഞ്ചിക്കുകയായിരുന്നു. തന്നെ മാത്രമല്ല, അഴിമതിവിരുദ്ധ വാഗ്ദാനങ്ങള്‍ വിശ്വസിച്ച ജനങ്ങളെ കൂടിയാണ് സിപിഎം നേതൃത്വം വഞ്ചിക്കുന്നത്. സിപിഎമ്മിന്റെ പിന്തുണയോടെയല്ലാതെ മാണിക്ക് കുറ്റവിമുക്തനായി തിരിച്ചുവരാന്‍ കഴിയില്ല എന്നത് വ്യക്തമാണ്. മാണിക്കെതിരേ കേസ് നടത്താന്‍ തന്നെ പ്രോല്‍സാഹിപ്പിച്ചവര്‍ മറുവശത്തു കൂടി മാണിയുമായി ധാരണ ഉണ്ടാക്കുന്നതു നിരാശപ്പെടുത്തുന്നതായും ബിജു രമേശ് പറഞ്ഞു.മാണിക്കെതിരേ തെളിവു നല്‍കാന്‍ ഇനിയും ബാറുടമകള്‍ക്കാവും. രാഷ്ട്രീയപിന്തുണ കൊടുത്താല്‍ തെളിവു നല്‍കാന്‍ ബാറുടമകള്‍ തയ്യാറാവും. യുഡിഎഫ് ഭരണകാലത്ത് സിപിഎം നേതാക്കള്‍ തന്നെ സമീപിച്ചതു പോലെ ഇപ്പോള്‍ മറ്റ് ബാറുടമകളെ സമീപിച്ചാല്‍ മതിയാവും. തെളിവുമായി വരുന്നവര്‍ക്കു സംരക്ഷണം നല്‍കാന്‍ സിപിഎം തയ്യാറായാല്‍ മതിയെന്നും ബിജു രമേശ് പറഞ്ഞു. ത്രീ സ്റ്റാര്‍ വരെയുള്ള ബാറുകള്‍ തുറന്നാല്‍ മതിയെന്നാണു സര്‍ക്കാര്‍ തീരുമാനം. ഇതിനോടുള്ള പ്രതിഷേധമെന്ന നിലയില്‍ തന്റെ ഉടമസ്ഥതയിലുള്ള തുറക്കാവുന്ന ബാറുകളും നിലവില്‍ പൂട്ടിയിട്ടിരിക്കുകയാണ്- ബിജു രമേശ് പറഞ്ഞു.

RELATED STORIES

Share it
Top