മാണിക്കും ജോസ് കെ മാണിക്കുമെതിരേ കോട്ടയം ഡിസിസി നേതൃയോഗംകോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണിക്കും മകനും വൈസ് ചെയര്‍മാനുമായ ജോസ് കെ മാണിക്കുമെതിരേ കോട്ടയം ഡിസിസി നേതൃയോഗം പ്രമേയം പാസാക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡിസിസി വൈസ് പ്രസിഡന്റ് പ്രഫ. പി ജെ വര്‍ക്കിയാണ് പ്രമേയം അവതരിപ്പിച്ചത്.  കേരളാ കോണ്‍ഗ്രസ്സിലെ മറ്റു നേതാക്കളെപ്രമേയത്തില്‍ പേരെടുത്ത് വിമര്‍ശിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് (എം) നേതാക്കളായ കെ എം മാണിയും ജോസ് കെ മാണിയും കടുത്ത വഞ്ചനയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയോടു ചെയ്തത്. പാര്‍ട്ടിയെ ചതിയില്‍പ്പെടുത്തി പ്രസിഡന്റ് പദവി രാജിവയ്പിച്ച് സിപിഎം ബാന്ധവത്തോടെ സ്ഥാനം കൈക്കലാക്കിയ അവസരവാദ രാഷ്ട്രീയം ജനാധിപത്യ കേരളത്തിന് അപമാനമാണ്. മാണിയുടെ അവിശുദ്ധ സിപിഎം ചങ്ങാത്തം ജനങ്ങളില്‍നിന്നും അണികളില്‍നിന്നും സഹപ്രവര്‍ത്തകരില്‍നിന്നും ഇരുവരെയും ഒറ്റപ്പെടുത്തിയിരിക്കുകയാണ്. കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റും അവരുടെ എംഎല്‍എമാരും പോലും അംഗീകരിക്കാത്ത ഈ പ്രവൃത്തിയെ ന്യായീകരിക്കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയെ കുറ്റപ്പെടുത്തുന്ന നീക്കം വിലപ്പോവില്ല. നാളിതുവരെ കേരളാ കോണ്‍ഗ്രസ്സുമായി ഉണ്ടായിരുന്ന എല്ലാ കരാറുകളും പാലിച്ചിട്ടും മുത്തോലിയിലും മൂന്നിലവിലും നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിന് അവകാശപ്പെട്ട സീറ്റുകളില്‍ മല്‍സരിക്കുകയും സിപിഎം വോട്ട് വാങ്ങി വിജയിക്കുകയും കോണ്‍ഗ്രസ്സിനെ പരസ്യമായി അവഹേളിക്കുകയും ചെയ്തത് കേരളാ കോണ്‍ഗ്രസാണ്. ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോരയും നീരും നല്‍കി പ്രവര്‍ത്തിച്ച് തിരഞ്ഞെടുപ്പുകളില്‍ വിജയിപ്പിക്കുകയും വിജയിച്ചുകഴിഞ്ഞാല്‍ അതിരുകവിഞ്ഞ അവകാശവാദങ്ങളുമായി വരുകയും ചെയ്യുന്ന കേരളാ കോണ്‍ഗ്രസ്സിന്റെ നടപടി ഇനിയും വച്ചുപൊറുപ്പിക്കാന്‍ കഴിയില്ല. ഈ കുതന്ത്രങ്ങളെ ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം അവഗണിക്കുന്നു. കെ എം മാണിയുമായും പുത്രന്‍ ജോസ് കെ മാണിയുമായും യാതൊരുവിധ കൂട്ടുകെട്ടിനും തയ്യാറാവരുതെന്ന് കെപിസിസിയോട് അഭ്യര്‍ഥിച്ചുകൊണ്ടാണ് പ്രമേയം അവസാനിക്കുന്നത്.

RELATED STORIES

Share it
Top