മാഡ്രിഡ് ഡര്‍ബിയില്‍ റയലിന് സമനില


മാഡ്രിഡ്: അത്‌ലറ്റികോ ബില്‍ബാവോയുമായി ബാഴ്‌സലോണ സമനിലക്കുരുക്കില്‍ വീണതോടെ പിന്നീട് ജയം സ്വന്തമാക്കി ലാലിഗ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനുളള സുവര്‍ണാവസരം കളഞ്ഞു കുളിച്ച് റയല്‍ മാഡ്രിഡ്. റയല്‍ മാഡ്രിഡ് ജയിച്ചിരുന്നെങ്കില്‍ റയലിന് ലീഗില്‍ ഒന്നാമത് എത്താമായിരുന്നു. ഇന്നലെ റയലിന്റെ തട്ടകമായ സാന്റിയാഗോ ബര്‍ണാബുവില്‍ നടന്ന മല്‍സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡാണ് റയല്‍ മാഡ്രിഡിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കിയത്. എന്നാല്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇറങ്ങിയ റയലിന് അത്‌ലറ്റിക്കോ മാഡ്രിഡിനെ മറികടക്കാന്‍ ആയില്ല.
ഇരു ടീമിലെയും ഗോള്‍കീപ്പര്‍മാരുടെ മികച്ച പ്രകടനമാണ് മല്‍സരത്തില്‍ ഗോള്‍ വീഴുന്നതില്‍ നിന്നും തടഞ്ഞു നിര്‍ത്തിയത്്. ആദ്യ പകുതിയില്‍ മികച്ച സേവുകളുമായി തിബോട്ട് കോട്ട്വ റയലിനെ രക്ഷിച്ചപ്പോള്‍ മറുവശത്ത് സ്ലൊവാനിയന്‍ ഗോള്‍കീപ്പര്‍ യാന്‍ ഒബ്ലാക്ക് സേവുകളിലൂടെ അത്‌ലറ്റിക്കോയെയും സഹായിച്ചു.
സൂപ്പര്‍ താരങ്ങളായ ഗാരെത് ബെയില്‍, കരിം ബെന്‍സേമ, അസെന്‍സിയോ ത്രയത്തെ മുന്നില്‍ നിര്‍ത്തി റയല്‍ 4-3-3 എന്ന ശൈലി പുറത്തെടുത്തപ്പോള്‍ അന്റോണിയോ ഗ്രീസ്മാന്‍, ഡീഗോ കോസ്റ്റ എന്നീ വെറ്ററന്‍ താരങ്ങളെ ആക്രമണ ചുമതലയേല്‍പ്പിച്ച് 4-4-2 എന്ന ശൈലിയാണ് അത്‌ലറ്റികോ സ്വീകരിച്ചത്. പന്തടക്കത്തിലും ഗോള്‍ ഉതിര്‍ക്കുന്നതിലും റയലാണ് ആധിപത്യം സൃഷ്ടിച്ചതെങ്കിലും അവ ഗോളാക്കി മാറ്റാന്‍ കഴിയാതെ പോയതോടെയാണ് റയലിന് സമനിലക്കുരുക്ക് വീണത്. ഇതിനിടെ ബെയിലിനും അസെന്‍സിയോയ്ക്കും ഗോളാക്കാന്‍ മികച്ചൊരു അവസരം ലഭിച്ചെങ്കിലും താരങ്ങള്‍ നിസ്സഹായരാവുകയായിരുന്നു. ബെയ്ല്‍ പരിക്കേറ്റ് കളം വിട്ടതും റയലിന് തിരിച്ചടിയായി. അവസാന 45 മിനിറ്റും ബെയ്ല്‍ റയലിനൊപ്പം ഉണ്ടായിരുന്നില്ല.
സമനിലയോടെ ഏഴു മല്‍സരങ്ങളില്‍ 14 പോയിന്റുമായി റയല്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി. ഒന്നാമതുള്ള ബാഴ്‌സയ്ക്കും 14 പോയിന്റുണ്ട്. 12 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് നാലാമതാണ്.
മറ്റൊരു മല്‍സരത്തില്‍ സെവിയ്യ എയ്ബറിനെ 3-1ന് പരാജയപ്പെടുത്തി. അര്‍ജന്റീനന്‍ മിഡ്ഫീല്‍ഡര്‍ എവര്‍ ബനേഗയുടെ ഇരട്ടഗോളാണ് സെവിയ്യയ്ക്ക് മികച്ച ജയം സമ്മാനിച്ചത്. മല്‍സരത്തിലെ 59, 94 മിനിറ്റുകളിലാണ് ബനേഗ ഗോള്‍ കണ്ടെത്തിയത്. ആന്ദ്രേ സില്‍വയിലൂടെയാണ് സെവിയ്യ മുന്നിലെത്തിയത്. കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കേ സ്പാനിഷ് താരം ജോണ്‍ ജോര്‍സനാണ് എയ്ബറിന്റെ ആശ്വസഗോള്‍ നേടിയത്.

RELATED STORIES

Share it
Top