മാഡ്രിഡ് ഓപണ്‍: ജോക്കോവിച്ച് രണ്ടാം റൗണ്ടില്‍ പുറത്ത്മാഡ്രിഡ്: തുടര്‍ തോല്‍വികള്‍ വിട്ടുമാറാതെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച്. ഇന്നലെ മാഡ്രിഡ് ഓപണിന്റെ രണ്ടാം റൗണ്ടിലിറങ്ങിയ നിലവിലെ 12ാം നമ്പര്‍ താരവും ടൂര്‍ണമെന്റിലെ 10ാം നമ്പര്‍ സീഡുമായ സെര്‍ബിയയുടെ നൊവാക ജോകോവിച്ചിന് തോല്‍വി പിണഞ്ഞു. സീഡില്ലാ താരവും ലോക 22ാം നമ്പര്‍ താരവുമായ ബ്രിട്ടന്റെ കൈല്‍ എഡ്മണ്ടിനോടാണ് ജോക്കോവിച്ചിന് മുട്ടുമടക്കേണ്ടി വന്നത്. സ്‌കോര്‍ 3-6,6-2,3-6. ആദ്യ സെറ്റ് കൈവിട്ട ശേഷം രണ്ടാം സെറ്റ് മികച്ച പോരാട്ടത്തിലൂടെ നേടിയ ജോക്കോവിച്ച് മല്‍സരം 1-1ന്റെ സമനിലയിലെത്തിച്ചു. എന്നാല്‍ അവസാന സെറ്റില്‍ പരാജയപ്പെട്ടതോടെ താരം ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയായിരുന്നു. വനിതകളില്‍ ലോക രണ്ടാം നമ്പര്‍ താരമായ കരോളിന്‍ വോസ്‌നിയാക്കിക്ക് അട്ടിമറി പരാജയം പിണഞ്ഞപ്പോള്‍ മറ്റു മുന്‍നിര താരങ്ങളായ ഗാര്‍ബൈന്‍ മുഗുരുസയും സിമോണ ഹാലെപും കരോളിന പ്ലിസ്‌കോവയും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ലോക 20ാം നമ്പര്‍ ഹോളണ്ട് താരം കികി ബെര്‍ട്ടന്‍സിനോടാണ് രണ്ടാം സീഡായ വോസ്‌നിയാക്കി ദയനീയ പരാജയം നേരിട്ടത്.  സ്‌കോര്‍ 6-2,6-2. ലോക ഒമ്പതാം നമ്പര്‍ താരം സ്ലൊവാനി സ്റ്റീഫന്‍സിനെയാണ് ആറാം നമ്പര്‍ താരമായ പ്ലിസ്‌കോവ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-2,6-3.

RELATED STORIES

Share it
Top