മാട്ടൂലില്‍ അടിയന്തരമായി പുലിമുട്ട് നിര്‍മിക്കണം: എസ്ഡിപിഐ

മാട്ടൂല്‍: ചെറിയ കടലാക്രമണങ്ങളെ പോലും പ്രതിരോധിക്കാനാവാത്തതിനാല്‍ തീരദേശവാസികള്‍ ആശങ്കയിലാണെന്നും മാട്ടൂലില്‍ അടിയന്തരമായി പുലിമുട്ട് നിര്‍മിക്കണമെന്നും എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് കെ മുഹമ്മദ് കുഞ്ഞി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ നാശം വിതച്ച ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടലാക്രമണം അനുഭവപ്പെട്ട മാട്ടൂല്‍ സൗത്തിലെ വിവിധ ഭാഗങ്ങള്‍ കെ മുഹമ്മദ് കുഞ്ഞിയുടെ നേതൃത്വത്തിലുള്ള എസ്ഡിപിഐ പ്രതിനിധികള്‍ സന്ദര്‍ശിച്ചു. കടലാക്രമണം കാരണം ദുരിതമനുഭവിക്കുന്ന 50 ഓളം മല്‍സ്യത്തൊഴിലാളി കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. തീരദേശത്ത് കഴിയുന്നവര്‍ എന്നും ആധിയോടെയാണ് കഴിയുന്നത്. പുലിമുട്ടിന്റെ അഭാവം കാരണം ചെറിയ കടലാക്രമണം പോലും തടയാനാവുന്നില്ല. നിരവധി മല്‍സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുള്ളതിനാല്‍ അടിയന്തിര പ്രാധാന്യത്തോടെ പുലിമുട്ട് നിര്‍മാണം ആരംഭിക്കണം. പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികളും സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ കല്ല്യാശ്ശേരി മണ്ഡലം സെക്രട്ടറി അസദ് മാട്ടൂല്‍, മണ്ഡലം കമ്മിറ്റിയംഗം എ പി മഹ്മൂദ്, മാട്ടൂല്‍ സൗത്ത് ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ ഹാഷിം, സിദ്ദീഖ്, മുഹ്‌സിബ്, സമദ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പുലിമൂട്ട് നിര്‍മാണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എസ്ഡിപിഐയുടെ നേതൃത്വത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ മാട്ടൂല്‍ പഞ്ചായത്ത് ഓഫിസ് ഉപരോധിക്കുകയും നിവേദനം നല്‍കുകയും ചെയ്തിരുന്നു. കടലാക്രമം കാരണം വൃത്തിഹീനമായ കടലോരപ്രദേശങ്ങള്‍ പഞ്ചായത്ത് മെംബര്‍ കെ അനസിന്റെ ഇടപെടലിനെ തുടര്‍ന്ന് ശുചീകരണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top