മാടിനെ അറുത്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരേ കേസ്‌കണ്ണൂര്‍: കശാപ്പിനായുള്ള കന്നുകാലി വില്‍പന നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് പൊതുസ്ഥലത്തുവച്ച് കന്നുകുട്ടിയെ അറുത്ത് ഇറച്ചി വിതരണം ചെയ്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കണ്ണൂര്‍സിറ്റി പോലിസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി, നേതാക്കളായ ശറഫുദ്ദീന്‍ കാട്ടാമ്പള്ളി, ജോഷി കണ്ടത്തില്‍, സുധീപ് ജെയിംസ്, ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സി സി രതീഷ് കുമാറിന്റെ പരാതിയിലാണു നടപടി. പൊതുജനങ്ങള്‍ക്കു ശല്യമുണ്ടാക്കുന്ന തരത്തില്‍ മാടിനെ അറുത്തെന്ന കുറ്റംചുമത്തി കേരള പോലിസ് ആക്റ്റിലെ 120 (എ) സെക്ഷന്‍ പ്രകാരമാണു കേസ്. കഴിഞ്ഞ ദിവസം വൈകീട്ട് 4.30ഓടെയാണ് കണ്ണൂര്‍ സിറ്റിയില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാടിനെ അറുത്ത് പ്രതിഷേധിച്ചത്. മിനിലോറിയിലെത്തിച്ച 15 കിലോ ഭാരമുള്ള കന്നുകുട്ടിയെ അതേ വാഹനത്തില്‍ വച്ചുതന്നെ കശാപ്പ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇറച്ചി പാക്കുകളിലാക്കി വിതരണം ചെയ്തു. 50ഓളം പേര്‍ പരിപാടിക്കെത്തിയിരുന്നു. അതേസമയം സംഭവത്തില്‍ രാഹുല്‍ഗാന്ധി അപലപിച്ചു. ബുദ്ധിശൂന്യവും കിരാതാവുമായ നടപടിയെന്നാണ് രാഹുല്‍ ഇതിനെ വിശേഷിപ്പിച്ചത്.

RELATED STORIES

Share it
Top