മാടായി പഞ്ചായത്തില്‍ മുസ്‌ലിം ലീഗ്- കോണ്‍ഗ്രസ് ബന്ധത്തില്‍ വിള്ളല്‍

പഴയങ്ങാടി: കല്യാശ്ശേരി മണ്ഡലത്തിലെ യുഡിഎഫിന്റെ ശക്തികേന്ദ്രമായ മാടായിയില്‍ മുസ്‌ലിം ലീഗ്-കോണ്‍ഗ്രസ് ബന്ധം വഷളാവുന്നു. മാടായി പഞ്ചായത്തില്‍ പുതുതായി നിര്‍മിച്ച ലിഫ്റ്റിന്റെ ഉദ്ഘാടനം അസിസ്റ്റന്റ് കലക്്ടര്‍ നിര്‍വഹിച്ച പരിപാടി കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചതാണ് പുതിയ സംഭവം. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിനുശേഷം  കലക്്ടറും സംഘവും ചൈനാക്ലേ കമ്പനിയുടെ പ്രവര്‍ത്തനം മൂലം ദുരിതമനുഭവിക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
ഈ ചടങ്ങിലും വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനിന്നതും വിവാദമായി. രണ്ടു പരിപാടികളിലും സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളാണ് പരിപാടി നിയന്ത്രിച്ചതെന്നാണ് ആരോപണം. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിന്റെ വികസനകാര്യങ്ങളില്‍ സിപിഎമ്മിന്റെ അജണ്ടയാണ് നടപ്പാക്കുന്നതെന്നും പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ഇതിന് കൂട്ടുനില്‍ക്കുന്നതായും കോണ്‍ഗ്രസ് ആരോപിച്ചു.
പഞ്ചായത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നതില്‍ ലീഗ് നേതൃത്വം കാട്ടുന്ന കടുത്ത നിലപാടും യുഡിഎഫില്‍ വിള്ളല്‍ വീഴാന്‍ കാരണമായി. മാടായിപ്പാറയില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് ആയുര്‍വേദ ആശുപത്രിക്കുവേണ്ടി സ്ഥലം വാങ്ങി ശിലാസ്ഥാപനം നടത്തിയിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല.
എന്നാല്‍, പാലക്കോട് പുഴയോരത്ത് ലീഗ് അംഗങ്ങളുടെ സ്വാധീനത്തില്‍ പാലക്കോട് പുഴയോരത്ത് കെട്ടിടം പണിത് ആയുര്‍വേദം ആശുപത്രി ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. തീരപരിപാലനം നിയമം നടപ്പാക്കിയ സുനാമി ദുരിതബാധിത പ്രദേശമായ പാലക്കോട് പുഴയോരത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത നിയന്ത്രണമുണ്ട്. എന്നാല്‍, കോണ്‍ഗ്രസ് അംഗങ്ങളുടെ എതിര്‍പ്പുണ്ടായിട്ടും ആശുപത്രി കെട്ടിടനിര്‍മാണവുമായി മുന്നോട്ടുപോവുകയായിരുന്നു ലീഗ്. അതേസമയം, കെട്ടിടത്തിന് ആരോഗ്യവകുപ്പിന്റെ അനുമതി പത്രം ലഭിച്ചിട്ടില്ല.

RELATED STORIES

Share it
Top