മാടക്കാല്‍ തൂക്കുപാലം: പഞ്ചായത്ത് ഓഫിസിന് മുന്നില്‍ കഞ്ഞിവച്ച് ഉപരോധം

തൃക്കരിപ്പൂര്‍: മാടക്കാല്‍ തൂക്കുപാലം തകര്‍ന്നിട്ട് അഞ്ചാണ്ടായിട്ടും യാത്രാക്ലേശത്തിന് പരിഹാരമുണ്ടാവാത്തതില്‍ പ്രതിഷേധിച്ച് വലിയപറമ്പ് പഞ്ചായത്താഫിസിന് മുന്നില്‍ കഞ്ഞി വച്ച് പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചതിനെ തുടര്‍ന്ന് വൈകിട്ട് മൂന്ന് വരെ ഓഫിസ് തുറന്നില്ല. ഓഫിസ് തുറക്കാനെത്തിയ ജീവനക്കാരെ തടഞ്ഞു.
പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ തങ്ങിയിരുന്ന ഒരു ജീവനക്കാരനെ നേരത്തെ തന്നെ സമരക്കാര്‍ വെളിയിലിറക്കിയിരുന്നു. നിര്‍ത്തി വച്ച കടവ് പുനസ്ഥാപിക്കുക, തകര്‍ന്ന തൂക്ക് പാലത്തിന് പകരം റോഡ് പാലം അനുവദിക്കുക, വലിയപറമ്പ പഞ്ചായത്തിലെ തെക്കന്‍ മേഖലയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപരോധസമരം നടത്തിയത്.
കടത്ത് തോണി നിരോധിച്ച് സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കവ്വായിക്കായലിന് കുറുകെ തോണികളുപയോഗിച്ച് പ്രതിഷേധപ്പാലം തീര്‍ക്കുകയും കണ്‍വന്‍ഷന്‍ ചേരുകയും ചെയ്തിരുന്നു. അന്നത്തെ സമര പ്രഖ്യാപന തീരുമാനപ്രകാരമായിരുന്നു ഈ ഉപരോധസമരം. മാടക്കാല്‍ കടവ് സംരക്ഷണസമതിയുടെ നേതൃത്വത്തില്‍ 150 ഓളം ഉപരോധത്തില്‍ പങ്കെടുത്തു.
ഒരാഴ്ച മുമ്പേ അറിയിപ്പ് നല്‍കിയിട്ടും സമരസമതിയുമായി ചര്‍ച്ച നടത്താന്‍ തയ്യാറാകാത്ത പഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാട് ധിക്കാരപരമായി പോയെന്ന് സമരസമതി നേതാക്കളും സമരത്തില്‍ പങ്കടുത്തവരും ചുണ്ടിക്കാട്ടി.
രാവിലെ ഏഴരയോടെ ആരംഭിച്ച സമരം പഞ്ചായത്ത് അധികാരികളോ ഉദ്യോഗസ്ഥരോ എത്താത്തതിനെ തുടര്‍ന്ന്, പഞ്ചായത്ത്  ഡെപ്യൂട്ടി ഡയരക്ടര്‍ ഓഫിസിലെ ജൂനിയര്‍ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ചര്‍ച്ചയെ തുടര്‍ന്നാണ് താല്‍കാലികമായി  ഈ മാസം ഏഴ് വരെ നിര്‍ത്തിവച്ചത്. ഏഴിന് ജില്ലാ കലക്ടര്‍, സ്ഥലം എംഎല്‍എ, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യാമെന്നാണ് തീരുമാനമെന്ന് സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.
സമരസമിതി നേതാവ് പാലക്കീല്‍ രാമകൃഷ്ണന്‍ ഉപരോധസമരം ഉദ്ഘാടനം ചെയ്തു. കെ വിനോദ് അധ്യക്ഷത വഹിച്ചു. കെ വി രാമചന്ദ്രന്‍, കെ പി രാമകൃഷ്ണന്‍, കെ വി കുഞ്ഞിക്കണ്ണന്‍, സി ദേവരാജന്‍, സി തങ്കമണി, ടി വി ഹരിദാസന്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top