മാടക്കാല്‍ തൂക്കുപാലം തകര്‍ന്നിട്ട് അഞ്ചാണ്ട്; കായല്‍ ഉപരോധവും സമര പ്രഖ്യാപന കണ്‍വന്‍ഷനും ഇന്ന്

തൃക്കരിപ്പൂര്‍: മാടക്കാല്‍ തൂക്കുപാലം തകര്‍ന്നതിന്റെ അഞ്ചാം വാര്‍ഷിക ദിനമായ ഇന്ന്് കടവ് സംരക്ഷണ സമിതി കടവ് പരിസരത്ത് കായല്‍ ഉപരോധവും പ്രതിഷേധ ധര്‍ണയും സമര പ്രഖ്യാപന കണ്‍വന്‍ഷനും നടത്തും. തൃക്കരിപ്പൂര്‍ കടപ്പുറം വടക്കെവളപ്പ്  മാടക്കാല്‍ കടവില്‍ പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി കടത്ത് സര്‍വീസ് നിര്‍ത്തിവച്ച അധികാരികളുടെ നടപടിയില്‍ പ്രതിഷേധിച്ചും തകര്‍ന്ന തൂക്കുപാലത്തിന് പകരം റോഡു പാലം ആവശ്യപ്പെട്ടുമാണ് സമരം.
കഴിഞ്ഞ ദിവസം കടത്തുതോണി അപകടത്തെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട തോണി കടത്തിനായി ഉപയോഗിക്കരുതെന്ന മുന്നറിയിപ്പ് നോട്ടീസ് പതിച്ചിരുന്നു.  കോടികള്‍ മുടക്കി പണിത മാടക്കാല്‍ തൂക്കുപാലം തകര്‍ന്ന് അഞ്ച് വര്‍ഷം പൂര്‍ത്തിയാവുന്ന ദിവസമാണ്  ജലസമാധി ഉള്‍പ്പടെയുള്ള സമരപരിപാടികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്.
തൂക്കുപാലം തകര്‍ന്നതോടെ നാട്ടുകാരുടെ യാത്രാപ്രശ്‌നത്തിന് പരിഹാരമായി ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് നാട്ടുകാര്‍ക്ക് കടന്നുപോകാന്‍ വലിയപറമ്പ പഞ്ചായത്ത് സൗകര്യമൊരുക്കിയത്. ഇവിടെ കടത്തുതോണി അനുവദിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം കടത്ത് തോണി മറിഞ്ഞ് സ്‌കൂള്‍ കുട്ടികളടക്കമുള്ള യാത്രക്കാര്‍ കായലില്‍ വീഴുകയും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് റവന്യു വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കടത്ത് തോണി സുരക്ഷിതമല്ലെന്ന് കാണിച്ച്  ഇവിടത്തെ കടത്ത് നിരോധിച്ചിരുന്നു. മറുകര പറ്റാന്‍ മറ്റ് സൗകര്യമില്ലാത്തതിനാല്‍ നാട്ടുകാര്‍ ഈ കടത്ത് തോണിയെ തന്നെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. സ്‌കൂള്‍ തുറന്നതോടെ യാത്രാ പ്രശ്‌നം രൂക്ഷമായി.
കഴിഞ്ഞ ആഴ്ച ആര്‍ഡിഒ നേതൃത്വത്തില്‍ വലിയപറമ്പ് പഞ്ചായത്ത് ഓഫിസില്‍ സന്നദ്ധ സംഘടനകളുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചുവെങ്കിലും ബദല്‍ സംവിധാനമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. പ്രതിഷേധ സമരം പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഭാസ്‌കരന്‍ വെള്ളൂര്‍ ഉദ്ഘാടനം ചെയ്യും.

RELATED STORIES

Share it
Top