മാഞ്ചസ്റ്ററില്‍ സ്‌ഫോടനം : 22 മരണം ; ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തുലണ്ടന്‍: ബ്രിട്ടനിലെ മാഞ്ചസ്റ്റര്‍ നഗരത്തില്‍ സംഗീതപരിപാടിക്കിടെ ഉണ്ടായ ബോംബാക്രമണത്തില്‍ കുട്ടികളടക്കം 22 പേര്‍ മരിച്ചു. 60ഓളം പേര്‍ക്കു പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. യുഎസ് പോപ് ഗായിക അരിയാന ഗ്രാന്‍ഡിന്റെ സംഗീതപരിപാടിക്കിടെ പ്രാദേശിക സമയം രാത്രി 10.30ഓടെയാണ് സ്‌ഫോടനമുണ്ടായത്. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് റിപോര്‍ട്ട്.ശരീരത്തില്‍ ബോംബ് ധരിച്ചെത്തിയ അക്രമി സംഗീതപരിപാടിയുടെ അവസാനത്തോടെ സ്‌ഫോടനം നടത്തുകയായിരുന്നു. ഗായിക അരിയാന ഗ്രാന്‍ഡ് സുരക്ഷിതയാണെന്ന് അധികൃതര്‍ അറിയിച്ചു. കൗമാരക്കാരും കുട്ടികളുമടക്കം നിരവധി പേര്‍ മാഞ്ചസ്റ്റര്‍ അരീനയില്‍ നടന്ന സംഗീതനിശയ്‌ക്കെത്തിയിരുന്നു. 2005 ജൂലൈ 7ലെ സ്‌ഫോടനത്തിനുശേഷം ബ്രിട്ടനിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണ് മാഞ്ചസ്റ്ററിലേത്. 2005 ജൂലൈ 7ന് ബ്രിട്ടിഷ് തലസ്ഥാനമായ ലണ്ടനിലുണ്ടായ ബോംബാക്രമണത്തില്‍ നാല് അക്രമികളടക്കം 56 പേര്‍ കൊല്ലപ്പെടുകയും 784 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതേസമയം, ആക്രമണവുമായി ബന്ധപ്പെട്ട് 23കാരനെ അറസ്റ്റ് ചെയ്തതായി മാഞ്ചസ്റ്റര്‍ പോലിസ് അറിയിച്ചു. 21,000 കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് മാഞ്ചസ്റ്റര്‍ അരീന. രണ്ടു തവണ സ്‌ഫോടനശബ്ദം കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്‌ഫോടനത്തെ തുടര്‍ന്ന് നഗരത്തിലെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. മാഞ്ചസ്റ്ററിലേത് ഭീകരാക്രമണമാണെന്നതില്‍ സംശയമില്ലെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മെയ് പ്രതികരിച്ചു. ജീവിതത്തിലെ അവിസ്മരണീയ രാത്രികളിലൊന്ന് ആഘോഷിക്കാനെത്തിയ നിരപരാധികളായ യുവാക്കളും കുട്ടികളുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബ്രിട്ടനിലെ ഏറ്റവും ഭീകരമായ ആക്രമണമാണിതെന്നും വടക്കന്‍ ഇംഗ്ലണ്ടില്‍ ആദ്യമായാണ് ഇത്രയും ശക്തമായ ആക്രമണമുണ്ടാവുന്നതെന്നും അവര്‍ പറഞ്ഞു. മാഞ്ചസ്റ്ററിലേത് അതീവ ദാരുണമായ ആക്രമണമാണെന്നും ആക്രമണത്തില്‍ നടുക്കം രേഖപ്പെടുത്തുന്നതായും പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ പ്രതികരിച്ചു. അടുത്ത മാസം എട്ടിന് നടക്കുന്ന ബ്രിട്ടിഷ് പൊതുതിരഞ്ഞെടുപ്പിനായുള്ള പ്രചാരണം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവയ്ക്കുന്നതായി പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും അറിയിച്ചു. ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ടുകളില്ല. സ്‌ഫോടനത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അപലപിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഹെല്‍പ് ലൈന്‍ ആരംഭിച്ചു. പരിക്കേറ്റവര്‍ക്ക് ഹൈക്കമ്മീഷനില്‍ നേരിട്ടെത്തിയോ 02076323035 ഹെല്‍പ്‌ലൈന്‍ നമ്പര്‍ വഴിയോ സഹായം തേടാം.

RELATED STORIES

Share it
Top