മാഞ്ചസ്റ്റര്‍ സ്‌ഫോടനം : മൂന്നു പേര്‍ അറസ്റ്റില്‍ലണ്ടന്‍: സംഗീത പരിപാടിക്കിടെ മാഞ്ചസ്റ്ററില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം മൂന്നു പേരെ അറസ്റ്റ് ചെയ്തു. സ്‌ഫോടനം നടത്തിയെന്ന് കരുതുന്ന ബ്രിട്ടനില്‍ ജനിച്ച സല്‍മാന്‍ ആബിദിയുടെ 23കാരനായ സഹോദരനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. തിങ്കളാഴ്ച രാത്രി യുഎസ് പോപ് ഗായികയുടെ സംഗീത പരിപാടിക്കു പിന്നാലെയാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും 64ഓളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം, രാജ്യത്ത് സായുധാക്രമണ ഭീഷണി ഗുരുതരമായ നിലയില്‍ ഉയര്‍ന്നതായി റിപോര്‍ട്ടുണ്ട്. കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നു തന്ത്രപ്രധാന മേഖലയില്‍ സുരക്ഷ ശക്തമാക്കി. ഇതിന്റെ ഭാഗമായി വെസ്റ്റ് ഹാം കൊട്ടാരം സന്ദര്‍ശിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി. കൊട്ടാരത്തില്‍ നടന്നുവന്ന പരേഡുകളും റദ്ദാക്കി. മുമ്പ് നടന്ന സ്‌ഫോടനങ്ങളില്‍ നിന്നു തികച്ചും വ്യത്യസ്തമായ സാഹചര്യമാണ് തിങ്കളാഴ്ചത്തെ സ്‌ഫോടനത്തിന്റേതെന്ന് ബ്രിട്ടിഷ് ആഭ്യന്തര സെക്രട്ടറി അംബര്‍ റുഡ് പ്രതികരിച്ചു. സ്‌ഫോടനം നിയന്ത്രിച്ചത് ആക്രമണം നടത്തിയ യുവാവ് മാത്രമാണെന്ന് കരുതുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതിനിടെ, സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്നവരില്‍ 20ഓളം പേരുടെ നില അതീവ ഗുരുതരമാണെന്നും മാഞ്ചസ്റ്ററിലെ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പരിക്കേറ്റവരില്‍ 12 പേര്‍ കുട്ടികളാണ്. സംഭവത്തിന്‌ശേഷം നിരവധി പേരെ കാണാതായിട്ടുണ്ട്. അതേസമയം, ഔദ്യോഗികമായി അറിയിക്കുന്നതിനു മുമ്പെ പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയ യുഎസ് മാധ്യമങ്ങളുടെ നടപടിയില്‍ ബ്രിട്ടന്‍ പ്രതിഷേധം അറിയിച്ചു.

RELATED STORIES

Share it
Top