മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്



ചിക്കാഗോ: അന്താരാഷ്ട്ര ചാംപ്യന്‍സ് കപ്പ് ഫുട്‌ബോളിലെ ഉദ്ഘാടന മല്‍സരത്തില്‍ പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് അപ്രതീക്ഷിത തോല്‍വി. ജര്‍മന്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്മുണ്ട് ഏകപക്ഷീയമായ ഒരു ഗോളിനാണ് ചാംപ്യന്‍പടയെ മുട്ടുകുത്തിച്ചത്. ലോകപ്പിനുള്ള ജര്‍മന്‍ നിരയില്‍ നിന്ന് തഴയപ്പെട്ട മരിയോ ഗോഡ്‌സെയാണ് ഡോര്‍ട്മുണ്ടിന് വിജയ ഗോള്‍ സമ്മാനിച്ചത്.പ്രമുഖ താരങ്ങളൊന്നുമില്ലാതെ 4-1-4-1 ഫോര്‍മാറ്റില്‍ പെപ് ഗാര്‍ഡിയോള സിറ്റിയെ വിന്യസിച്ചപ്പോള്‍ അതേ ഫോര്‍മാറ്റില്‍ത്തന്നെ ഇറങ്ങിയാണ് ഡോര്‍ട്മുണ്ട് കളി മെനഞ്ഞത്. പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ യുവതാരങ്ങളുടെ കളിമികവിനെ വിലയിരുത്താനുള്ള അവസരമായിട്ടാണ്് പെപ് ഗാര്‍ഡിയോള മല്‍സരത്തെ കണ്ടത്. ലെസ്റ്റര്‍ സിറ്റിയില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കെത്തിയ റിയാദ് മെഹരസിനെ ഗാര്‍ഡിയോള ആദ്യ ഇലവനില്‍ത്തന്നെ കളത്തിലിറക്കിയപ്പോള്‍ ഗോള്‍ വലയ്ക്ക് മുന്നില്‍ ചിലിയന്‍ ഗോള്‍കീപ്പര്‍ ക്ലൗഡിയോ ബ്രാവോയും സ്ഥാനം പിടിച്ചു.മല്‍സരത്തില്‍ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ ജര്‍മന്‍ വമ്പന്‍മാര്‍ 28ാം മിനിറ്റിലാണ് ലീഡെടുത്തത്. ലഭിച്ച പെനല്‍റ്റിയെ മനോഹരമായി ഗോഡ്്‌സെ വലയിലെത്തിക്കുകയായിരുന്നു. പിന്നീടുള്ള ആദ്യ പകുതിയിലെ സമയത്ത് ഗോള്‍ പിറക്കാതെ വന്നതോടെ 1-0ന്റെ ആധിപത്യത്തോടെയാണ് ഡോര്‍ട്മുണ്ട് കളം പിരിഞ്ഞത്. ആദ്യ പകുതിയില്‍ 52 ശതമാനം പന്തടക്കിവച്ച ഡോര്‍ട്മുണ്ട് നാല് തവണ ഗോള്‍ശ്രമം നടത്തിയപ്പോള്‍ മറുപടിയായി രണ്ട് തവണ സിറ്റിയും ഗോള്‍ശ്രമം നടത്തി. രണ്ടാം പകുതിയില്‍ പ്രതിരോധം ശക്തിപ്പെടുത്തി പന്ത് തട്ടിയ ഡോര്‍ട്മുണ്ടിന് മുന്നില്‍ സിറ്റിയുടെ യുവനിരക്ക് വലകുലുക്കാന്‍ കഴിയാതെ വന്നതോടെ ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയം ജര്‍മന്‍ വമ്പന്‍മാര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ 60 ശതമാനം പന്തടക്കിവച്ച് സിറ്റിപ്പട തന്ത്രം മെനഞ്ഞെങ്കിലും ഫലം കണ്ടില്ല. രണ്ടാം പകുതിയില്‍ ആറ് തവണ ഡോര്‍ട്മുണ്ട് ഗോള്‍ശ്രമം നടത്തിയപ്പോള്‍ മൂന്ന് തവണ മാത്രമാണ് സിറ്റിക്ക് ഡോര്‍ട്മുണ്ട് ഗോള്‍മുഖത്തേക്ക് പന്തെത്തിക്കാനായത്. ജയത്തോടെ ടൂര്‍ണമെന്റില്‍ മൂന്ന് പോയിന്റും ഡോര്‍ട്മുണ്ട് സ്വന്തമാക്കി.

RELATED STORIES

Share it
Top