മാഞ്ചസ്റ്റര്‍ ആക്രമണം : വിവരങ്ങള്‍ യുഎസുമായി പങ്കിടുന്നത് ബ്രിട്ടിഷ് പോലിസ് നിര്‍ത്തിവച്ചുലണ്ടന്‍: മാഞ്ചസ്റ്ററില്‍ സംഗീത പരിപാടിക്കിടെ നടന്ന സ്‌ഫോടനം സംബന്ധിച്ച അന്വേഷണ വിവരങ്ങള്‍ യുഎസുമായി പങ്കിടുന്നത് ബ്രിട്ടിഷ് പോലിസ് നിര്‍ത്തിവച്ചു. അന്വേഷണം സംബന്ധിച്ചുള്ള സുപ്രധാന വിവരങ്ങള്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണമാണ് നടപടിക്കു കാരണമെന്ന് ബ്രിട്ടിഷ് പോലിസിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണം നടന്ന് മണിക്കുറുകള്‍ക്കകം പ്രതിയെന്നു കരുതുന്ന ലിബിയന്‍ സ്വദേശി സല്‍മാന്‍ ആബിദിയുടെ പേരു വിവരങ്ങളും അമേരിക്കന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.  സംഭവത്തില്‍ ബ്രിട്ടനു കനത്ത പ്രതിഷേധമാണുള്ളത്. രഹസ്യാന്വേഷണ ഏജന്‍സികള്‍ കൈമാറുന്ന വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിഞ്ഞ ദിവസം നാറ്റോ കൂടിക്കാഴ്ചയ്ക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് തെരേസാ മേയ് ആവശ്യപ്പെട്ടിരുന്നു. അതിനിടെ, സ്‌ഫോടനത്തില്‍ പരിക്കേറ്റ് റോയല്‍ മാഞ്ചസ്റ്റര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നവരെ രാജ്ഞി സന്ദര്‍ശിച്ചു. സംഗീതരിപാടിക്കിടെ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയടക്കം  പതിനൊന്നു പേരാണ് പോലിസ് കസ്റ്റഡിയിലുള്ളത്. ബുധനാഴ്ച വൈകീട്ടാണ്് സ്ത്രീ പിടിയിലായത്. ഇവര്‍ക്കെതിരേ കുറ്റം ചുമത്തിയതായി റിപോര്‍ട്ടുകളില്ല. ഉവര്‍ക്കു പുറമെ കസ്റ്റഡിയിലുള്ള മറ്റു പത്തു പേരില്‍ സല്‍മാന്‍ ആബിദിയുടെ പിതാവും സഹോദരനും ഉള്‍പ്പെടുന്നു. സംഭവത്തിനു പിന്നില്‍ വ്യാപകമായ കണ്ണികളുണ്ടെന്നാണ് പോലിസ് കണക്കുകൂട്ടല്‍. സ്‌ഫോടനം നടത്തിയ സല്‍മാന്‍ ആബിദി ദിവസങ്ങള്‍ക്കു മുമ്പു മാത്രമാണ് ലിബിയയില്‍ നിന്നും മാഞ്ചസ്റ്ററിലെത്തിയതെന്നും പോലിസ് വ്യക്തമാക്കുന്നു. സംഭവത്തില്‍ 22 പേര്‍ മരിക്കുകയും 116 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

RELATED STORIES

Share it
Top