മാഞ്ചസ്റ്റര്‍ ആക്രമണം: ഇരയായത് യുവാക്കളും കുട്ടികളും ; ആക്രമണത്തില്‍ നടുങ്ങി ബ്രിട്ടന്‍ലണ്ടന്‍: ആഘോഷരാവ് ദുരന്തത്തിലേക്കു വഴിമാറിയത് പെട്ടെന്നായിരുന്നു. പൊട്ടിച്ചിരികള്‍ക്കുമേലെ ദുരന്തം ആര്‍ത്തലച്ചെത്തിയപ്പോള്‍ ബ്രിട്ടന്‍ അക്ഷരാര്‍ഥത്തില്‍ നടുങ്ങി. ശരീരത്തില്‍ ബോംബ് ഘടിപ്പിച്ചെത്തിയ ആള്‍ നടത്തിയ ആക്രമണത്തിന്റെ ഇരയായവരില്‍ കൂടുതലും കുട്ടികളും യുവാക്കളുമായിരുന്നു. ആക്രമണത്തിനു ശേഷം കൂട്ടംതെറ്റിപ്പോയ കുട്ടികളും നിരവധിയാണ്. മാഞ്ചസ്റ്റര്‍ അരീനയില്‍ നടന്ന സംഗീത പരിപാടിയില്‍ പങ്കെടുത്തതില്‍ കൂടുതല്‍ പേരും യുവാക്കളും കുട്ടികളുമാണ്. സംഗീതപ്രേമികളായ യുവാക്കളുടെ ഹരമായ അമേരിക്കന്‍ പോപ്പ് ഗായിക അരിയാന ഗ്രാന്‍ഡിന്റെ പരിപാടിയില്‍ ശ്രോതാക്കളായെത്തിയത് കാല്‍ലക്ഷത്തോളം പേരാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള ആളുകളും സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇവരില്‍ പലര്‍ക്കും മാഞ്ചസ്റ്റര്‍ അപരിചിതമായ സ്ഥലമായിരുന്നു. ഒറ്റപ്പെട്ടുപോയവര്‍ക്ക് അഭയമൊരുക്കിയ പ്രദേശവാസികളുടെ നടപടി ഏറെ പ്രശംസ പിടിച്ചുപറ്റി. ആക്രമണത്തില്‍നിന്നു രക്ഷപ്പെട്ടവര്‍ക്ക് ടാക്‌സി ഡ്രൈവര്‍മാര്‍ സൗജന്യ താമസമാണ് ഒരുക്കിയത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലണ്ടനില്‍ നടക്കുന്ന പരിപാടി മാറ്റിവയ്ക്കുമെന്നു സൂചനയുണ്ട്. അതേസമയം, സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും നഷ്ടമായ പ്രിയപ്പെട്ടവരെ തേടി അന്വഷണത്തിലാണിപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി. മക്കള്‍, സഹോദരങ്ങള്‍, സുഹൃത്തുക്കള്‍ തുടങ്ങി കൈവിട്ടു പോയവര്‍ക്കുള്ള അന്വേഷണം സോഷ്യല്‍ മീഡിയയിലും സജീവമാണ്. കാണാതായവരുടെ ഫോട്ടോസഹിതമുള്ള സന്ദേശങ്ങളാണ് ഇവിടെ പ്രവഹിക്കുന്നത്.

RELATED STORIES

Share it
Top