മാക്‌സ്‌വെല്‍ വെടിക്കെട്ടില്‍ ഓസീസ് ജയം


ഹരാരെ: വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ മികച്ച പ്രകടനത്തിലൂടെ അരങ്ങുവാണ ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയില്‍ സിംബാബ്‌വെയ്‌ക്കെതിരായ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ആസ്‌ത്രേലിയക്ക് അഞ്ച് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍  151 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഓസീസ് ഒരു പന്ത് ബാക്കി നില്‍ക്കേ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കൈവരിക്കുകയായിരുന്നു. 38 പന്തില്‍ ഒരു ഫോറും അഞ്ച് സിക്‌സറും പറത്തി 56 റണ്‍സെടുത്താണ് മാക്‌സ്‌വെല്‍ ക്രീസ് വിട്ടത്.  പരമ്പരയിലെ ഗ്രൂപ്പ് ഘട്ട മല്‍സരത്തിന് പരിസമാപ്തി കുറിച്ചതോടെ നാളെ നടക്കുന്ന ഫൈനലില്‍ പാകിസ്താനും ആസ്‌ത്രേലിയയും തമ്മില്‍ മാറ്റുരയ്ക്കും. നാല് മല്‍സരങ്ങളില്‍ മൂന്നു വീതം ജയം നേടിയാണ് ഇരു ടീമും ഫൈനലിലേക്ക് കുതിച്ചത്.
മാക്‌സ്‌വെല്ലും ട്രാവിസ് ഹെഡും ചേര്‍ന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ഓസീസിന്റെ വിജയത്തിന് അടിത്തറ പാകിയത്. ട്രാവിസ് ഹെഡ് 42 പന്തില്‍ 48 റണ്‍സ് നേടി. നേരത്തെ ഓപ്പണര്‍ സോളമന്‍ മിറെയുടെ (52 പന്തില്‍ 63) അര്‍ധ സെഞ്ചുറിയാണ് സിംബാബ്‌വെ ഇന്നിങ്‌സിന് കരുത്തായത്. ആസ്‌ത്രേലിയയ്ക്ക് വേണ്ടി ആന്‍ഡ്രൂ ടൈ മൂന്ന് വിക്കറ്റും ബില്ലി സ്റ്റാന്‍ലേക്ക് ജൈ റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി.

RELATED STORIES

Share it
Top